അടിമാലി: മൂന്നാർ ഗ്യാപ്പ് റോഡിൽ മലയിടിഞ്ഞുണ്ടായ ദുരന്തം അടുത്തിടെ സ്ഥലം മാറ്റിയ ദേവികുളം സബ് കളക്ടർ ഡോ. വി.ആർ. രേണു രാജ് റവന്യൂപ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ട് അവഗണിച്ചതിന്റെ തിക്തഫലം .പ്രദേശത്ത് അനുവദനീയമായ അളവിൽ കൂടുതൽ പാറഖനനം നടക്കുന്നതായും ഇത് മലയിടിച്ചിലിനുള്ള കാരണങ്ങളിൽ ഒന്നാണെന്നുമാണ് രേണുരാജ് റിപ്പോർട്ട് നൽകിയത്. നേരത്തെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നൽകിയ റിപ്പോർട്ട് അവഗണിച്ച് നിർമാണം തുടരുകയായിരുന്നു. രണ്ട് മാസങ്ങൾക്കിപ്പുറം വീണ്ടും മലയിടിഞ്ഞ് രണ്ട് ജീവനുകൾ പൊലിയുമ്പോൾ സബ് കളക്ടറുടെ റിപ്പോർട്ട് സാധൂകരിക്കുന്നതായി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനെയും തേക്കടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ വിസ്താരം മുമ്പുണ്ടായിരുന്നതിലും ഇരട്ടിയിലധികം വർദ്ധിപ്പിച്ചാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. ഉഗ്രസ്‌ഫോടനങ്ങളിലൂടെ പാറപൊട്ടിക്കുമ്പോൾ മലനിരകൾക്കാകെ ഉണ്ടാകുന്ന ഇളക്കം തുടരെതുടരെയുള്ള മലയിടിച്ചിലിന് കാരണമാകുന്നു. മല അരിഞ്ഞെടുത്തതിലൂടെ
പാതയോരത്തുണ്ടായിട്ടുള്ള ഭീമാകാരങ്ങളായ തിട്ടകൾക്ക് യാതൊരു
ഉറപ്പുമില്ല. ഇത്തരം ഭാഗത്ത് സംരക്ഷണ ഭിത്തി തീർത്ത് ബലക്ഷമത
ഉറപ്പുവരുത്തിയില്ലെങ്കിൽ വീണ്ടും മലയിടിയുമെന്ന സൂചന സബ് കളക്ടറുടെ
റിപ്പോർട്ടിലുണ്ട്. ഇത്തരം വാദങ്ങൾക്ക് ബലം പകരുന്നതാണ്
ഇപ്പോഴുണ്ടായിട്ടുള്ള രണ്ടാമത്തെ അപകടം. പ്രദേശത്തെ പരിസ്ഥിതി ദുർബലത
കണക്കിലെടുത്ത് തുടർനിർമ്മാണം നിജപ്പെടുത്തിയില്ലെങ്കിൽ
സമാനസംഭവങ്ങൾ വീണ്ടും ആവർത്തിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.