തൊടുപുഴ: അമിതവേഗതിയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസിലിടിച്ച് മറിഞ്ഞു. ആളു കൂടിയപ്പോഴേയ്ക്കും ബൈക്കോടിച്ചിരുന്ന യുവാവ് വണ്ടി റോഡിൽ ഉപേക്ഷിച്ച് ഓടിപോയി. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് മുൻവശത്താണ് സംഭവം. എം. ജിനദേവൻ റോഡിലൂടെ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന പാറ- നാഗപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന മിനി ബസിൽ കാഞ്ഞിരമറ്റം ഭാഗത്തു നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പത്തു മീറ്ററോളം റോഡിൽ നിരങ്ങി യാത്രികന് കാൽമുട്ടിന് പരിക്കേറ്റു. അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടിയതോടെ ബൈക്ക് യാത്രികനായ യുവാവ് റോഡിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ബൈക്ക് റോഡിൽ നിന്ന് മാറ്റിയത്. സൃഹുത്തുക്കളുടെ ബൈക്ക് എ.ടി.എമ്മിൽ പോകാനായി വാങ്ങി കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. 15 മിനിറ്റോളം റോഡിൽ ഗതാഗതം തടസപ്പെട്ടു.