road

തൊടുപുഴ: പാലക്കുഴ പാലത്തിനടുത്ത് കലുങ്കിന് സമീപത്തെ കൽക്കെട്ട് ഇടിഞ്ഞ് റോഡ് അപകടകരമാംവിധം താഴ്ന്നുപോയി. തോടിനോട് ചേർന്നുള്ള റോഡിന്റെ അരികിലുള്ള സംരക്ഷണ ഭിത്തിയും മൺത്തിട്ടയും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. ഇതോടെ പാറ- നാഗപ്പുഴ റോഡിലുള്ള യാത്രാ ദുരിതവും അപകട സാദ്ധ്യതയും ഇരട്ടിയായി. അപകട സ്ഥിതി നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് റോഡിന്റെ പകുതി ഭാഗം വീപ്പ ഉപയോഗിച്ച് കെട്ടിത്തിരിച്ച് തടസപ്പെടുത്തിയിരിക്കുകയാണ്. റോഡ് നന്നാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ടാറിംഗ് ജോലികൾ ഒക്ടോബറിൽ ആരംഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെയും ആരംഭിച്ചിട്ടില്ല. മഴ നിൽക്കുന്നതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നാണ് ഇതിനു കാരണമായി അറിയിച്ചിരിക്കുന്നത്. എന്നാൽ നിർമാണം ഓരോ ദിവസം നീണ്ടു പോകുംതോറും യാത്രാദുരിതം വർദ്ധിക്കുകയാണ്. കൂടാതെ റോഡിന്റെ പല ഭാഗങ്ങളും തകർന്ന് റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. തൊടുപുഴ, മൂവാറ്റുപുഴ ടൗണിലേയ്ക്ക് പോകുന്നവരെയും റോഡിന്റെ ശോചനീയാവസ്ഥ വലിയതോതിൽ വലയ്ക്കുന്നുണ്ട്.

ഫണ്ടായി, പണി തുടങ്ങിയില്ല

പാറ- നാഗപ്പുഴ റോഡിന്റെ വികസനത്തിനായി രണ്ടു കോടി 85 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബി.എം.സി നിലവാരത്തിലുള്ള ടാറിംഗാണ് നടത്തുക. നിലവിലുള്ള ഭാഗം റീ ടാറിംഗ് നടത്തുന്ന പദ്ധതികളാണ് നടത്തുക. തൊടുപുഴ മേഖലയിലെ മൂന്നു റോഡുകൾക്കായുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ റോഡിന്റെയും വികസനം. എന്നാൽ റോഡിന്റെ വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല.

ആയിരങ്ങൾ സഞ്ചരിക്കുന്ന പാത

തൊടുപുഴ- അടിമാലി റൂട്ടിൽ പാറ ജംഗ്ഷനിൽ നിന്ന് നാഗപ്പുഴ, കലൂർക്കാട് ഭാഗത്തേയ്ക്കു തിരിഞ്ഞ് പോകുന്ന റോഡാണിത്. ഇതിൽ പാറയിൽ നിന്ന് നാഗപ്പുഴയ്ക്ക് സമീപം പാലക്കുഴ കലുങ്ക് വരെയാണ് ഇടുക്കി ജില്ലയുടെ അതിർത്തി. പാറ മുതൽ പാലക്കുഴ വരെയുള്ള മൂന്നു കിലോ മീറ്ററോളം ഭാഗം റോഡ് പലയിടങ്ങളിലും പൂർണമായും തകർന്ന് കിടക്കുകയാണ്. ഇപ്പോൾ നന്നാക്കുന്നതിന്റെ ഭാഗമായി റോഡിന് ഇരുവശവും മണ്ണുമാറ്റി വീതികൂട്ടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപ്പുഴ കലൂർക്കാട്, നാഗപ്പുഴ, തൊടുപുഴ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. അരമണിക്കൂർ ഇടവിട്ട് ബസ് സർവീസുകളടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. പൈങ്കുളം മാനസികാരോഗ്യ കേന്ദ്രം, ശിശുക്ഷേമ സമിതിയുടെ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ, പൈങ്കുളം എൽ.പി, ഹൈസ്‌കൂൾ, മൈലക്കൊമ്പ്, നാഗപ്പുഴ പള്ളി, നാഗപ്പുഴ ക്ഷേത്രം, സ്‌കൂൾ, വെമ്പിള്ളി ആശുപത്രി തുടങ്ങിയ നിരവധിയായ സ്ഥാപനങ്ങളാണ് ഈ റൂട്ടിൽ സ്ഥിതി ചെയ്യുന്നത്.