തൊടുപുഴ: മുട്ടം,മലങ്കര,തൊടുപുഴ പ്രദേശങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുന്ന മലങ്കര ടൂറിസം പദ്ധതിയോട് അധികൃതർക്ക് അവഗണന.മുൻ സർക്കാരിന്റെ കാലത്താണ് മലങ്കര ടൂറിസം പദ്ധതി വിഭാവനം ചെയ്തത്.ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാന ടൂറിസം വകുപ്പ് 4 കോടി രൂപയും പിന്നീട് 24 കോടി രൂപയും അനുവദിച്ചിരുന്നു. കൂടാതെ അടുത്ത നാളിൽ പദ്ധതിക്കായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 100 കോടി രൂപയുടെ പ്രഖ്യാപനവും നടത്തിയിരുന്നു.പദ്ധതിയുമായി ബന്ധപ്പെട്ട് മലങ്കര അണക്കെട്ടിന്റെ ഒരു വശം മണ്ണിട്ട് നികത്തുകയും ബോട്ടിംഗ് യാർഡ് നിർമ്മിക്കുകയും ചെയ്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരുന്നു.നിർമ്മാണം നിലച്ചതിനെ തുടർന്ന് വ്യാപകമായ ആക്ഷേപം ഉയരുകയും എൻട്രൻസ് പ്ളാസയുടേയും കുട്ടികളുടെ പാർക്കിന്റെയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 25 ലക്ഷം രൂപ മുടക്കിയാണ് കുട്ടികളുടെ പാർക്ക് നിർമ്മിച്ചത്. എന്നാൽ പ്രവർത്തന സജ്ജമായ ബോട്ടിംഗ് യാർഡും എൻട്രൻസ് പ്ളാസയും കുട്ടികളുടെ പാർക്കും പൊതുജനത്തിന് തുറന്ന് കൊടുക്കാൻ അധികൃതർ തയ്യാറാവുന്നില്ല.സർക്കാരിന്റെ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റിനാണ് എൻട്രൻസ് പ്ലാസയുടെ നിർമാണ ചുമതല. ഇതിന്‌ മാത്രം മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. കരാർ പ്രകാരം ഹാബിറ്റാറ്റ് എൻട്രൻസ് പ്ളാസയുടെ നിർമ്മാണം പൂർത്തീകരിച്ച് സംസ്ഥാന ടൂറിസം വകുപ്പിന് തിരികെ നൽകാനുള്ള കരാർ സമയം ഒരു വർഷം മുമ്പ് അവസാനിച്ചതുമാണ് .2018 ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനം മുതൽ എൻട്രൻസ് പ്ലാസ ഉദ്ഘാടനം ചെയ്യുന്നതിന് പല തിയതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നുമില്ല. എൻട്രൻസ് പ്ലാസയുടെ നിർമ്മാണവും മേൽനോട്ടവും ജില്ലാ ടൂറിസം വകുപ്പ് നേരിട്ടാണ് നടത്തുന്നത്. എന്നാൽ മലങ്കര ടൂറിസം പദ്ധതിയുടെ മറ്റ് പ്രവർത്തികളും കുട്ടികളുടെ പാർക്കും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുമാണ് സജ്ജമാക്കുന്നത്.ഓരോ ദിവസം കഴിയുന്തോറും പ്രദേശം സന്ദർശിക്കാൻ അനേകം ആളുകൾ കുടുംബ സമേതം ഇവിടെ എത്തുന്നുണ്ട്. എന്നാൽ സന്ദർശകരെ പ്രവേശിപ്പിക്കാതെ ഒരു വർഷമായിട്ട് ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.

പദ്ധതിയിൽ വിഭാവനം ചെയ്തത് -

മലങ്കര അണക്കെട്ടിൽ നിന്ന് ശങ്കരപ്പള്ളി ഭാഗത്തേക്ക്‌ ബോട്ട് സവാരി,മലമ്പുഴ മോഡൽ പൂന്തോട്ടം, പക്ഷി സങ്കേതം, തുരുത്തുകളിൽ വനം, അണക്കെട്ടിന്റെ രണ്ട് വശങ്ങളെയും ബന്ധിപ്പിക്കുന്ന റോപ്പ് വെ, വെള്ളത്തിന്റെ തീരങ്ങളിലൂടെ സൈക്കിൾ സവാരി, കുട്ടികളുടെ പാർക്ക്, ദുബായ് മോഡൽ എൻട്രൻസ് പ്ലാസ, ഫുഡ്‌ പാർക്ക്, ടൂറിസം ഇൻഫർമേഷൻ കേന്ദ്രം..

സമരപരിപാടികൾ ആരംഭിക്കും - ടൂറിസം വികസന സമിതി

മലങ്കര ടൂറിസം പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും,നിർമ്മാണം പൂർത്തിയാക്കിയ എൻട്രൻസ് പ്ളാസയുടേയും കുട്ടികളുടെ പാർക്കിന്റേയും ബോട്ടിംഗ് യാർഡിന്റേും ഉദ്ഘാടനം ഉടൻ നടത്തണമെന്നും, പദ്ധതി പ്രദേശത്തേക്ക് ജനത്തിന് പ്രവേശിക്കുന്നതിനുളള വിലക്ക് മാറ്റണമെന്നും മുട്ടം ടൂറിസം വികസന സമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുട്ടം, തൊടുപുഴ പ്രദേശങ്ങളുടെ വികസനത്തിന്‌ നാഴികക്കല്ലാവുന്നതും പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ ലഭ്യമാവുന്നതുമായ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇഴയുകയാണ്.നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം ഉടൻ നടത്തുക തുടർ പ്രവർത്തികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ടൂറിസം വികസന സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ടൂറിസം വികസന സമിതി പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ, സെക്രട്ടറി ജോസഫ് പഴയിടം, വൈസ് പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴിയിൽ, ട്രഷറർ ബേബി ചൂരപ്പൊയ്കയിൽ എന്നിവർ പങ്കെടുത്തു.