മറയൂർ: മറയൂരിലെ ജനവാസ കേന്ദ്രത്തിൽ കടന്ന ഒറ്റയാൻ മണിക്കൂറോളം ഭീതി പടർത്തി. മറയൂർ പത്തടിപ്പാലം പട്ടം കോളനി ഭാഗത്താണ് കഴിഞ്ഞ ദിവസം ഒറ്റയാൻ ഇറങ്ങിയത്. കാട്ടാന നടത്തിയ ആക്രമണത്തിൽ കൃഷ്ണന്റെ വിടിന്റെ മുൻ വശം ഭാഗികമായി തകർന്നു . ബദധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് ജനവാസ കേന്ദ്രത്തിലേക്ക് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന് കാട്ടാന എത്തിയത്. കൃഷ്ണന്റെ വീടിന് നേരെ ആക്രമണം നടന്ന സമയത്ത് ഭാര്യ ലക്ഷമി, മകൻ രാമർ മഹാലക്ഷമിയും ചെറിയ കുട്ടികളായ ഗോകുൽ സാധന എന്നിവരാണ് ഉണ്ടായിരുന്നത്. വീടിന്റെ മുൻ ഭാഗം തകർത്ത ശേഷം കാട്ടാന സമീപത്തുള്ള കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കാട്ടുകൊമ്പൻ ആക്രമണകാരിയായതോടെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. സമീപവാസികൾ മറയൂർ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തി പ്രദേശവാസികളിൽ ചിലരൂടെ സഹായത്തോടെ കാട്ടാനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആക്രമണ സ്വഭാവമുള്ളതിനാൽ പിൻമാറേണ്ടി വന്നു. ഇതിനിടെ വാഴകർഷകനായ ലൂയിസിന്റെ തോട്ടത്തിലെ 80 ഞാലിപ്പൂവൻ വാഴകളും പെരിയമണി , സരോജിനി എന്നിവരുടെ കരിമ്പിൻ തോട്ടങ്ങളും നശിപ്പിച്ചു. പത്മിനി , ചെല്ലമ്മാൾ എന്നിവരുടെ കൃഷിയിടങ്ങളും ഭാഗികമായി നശിപ്പിക്കപ്പെട്ടു. വനപാലകർ രാത്രിയിൽ മറയൂർ ടൗണിലെത്തി പടക്കവും മറ്റും വാങ്ങി പൊട്ടിച്ചതിനെ തുടർന്ന് മൂന്ന് മണിയോടെയാണ കാട്ടാന വനമേഖലയിലേക്ക് മടങ്ങിയത്. വീടുകളുടെ ഇടയിലൂടെ ഒട്ടും ഭീതിയില്ലാതെ സഞ്ചരിച്ച ഒറ്റയാൻ വീണ്ടും എത്തുമോ എന്ന ഭീതിയിലാണ് പത്തടിപ്പാലം നിവാസികൾ