തൊടുപുഴ: കൂട്ടുപ്രതികൾക്കൊപ്പം തൃശൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി കോടതി മുറിക്കുള്ളിൽ ആൽമഹത്യ ഭീഷണി മുഴക്കി. എറണാകുളം ഗാന്ധിനഗർ ഉദയ കോളനി പ്രതീഷ് (31) ആണ് ഇന്നലെ മുട്ടം കോടതിയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കമ്പംമേട്ടിൽ നിന്നുള്ള ഒരു കഞ്ചാവ് കേസിലെ പ്രതിയായ പ്രതീഷിന മുവാറ്റുപുഴ സബ് ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മുട്ടം ജില്ല ജയിലിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ കോടതിയുടെ പുറത്തിറങ്ങിയ പ്രതി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തന്റെ കൂട്ടുപ്രതികളെല്ലാം തൃശൂർ സെൻട്രൽ ജയിലിലാണെന്നും തന്നെയും അവിടേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെടുകയും ഇല്ലെങ്കിൽ കോടതി മുറിയുടെ ഭിത്തിയിൽ തലതല്ലി ചാകുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി. മുട്ടം പൊലീസും പ്രതിയെ മുവാറ്റുപുഴ സബ് ജയിലിൽ നിന്നു കൊണ്ടുവന്ന പൊലീസും ചേർന്ന് അനുനയിപ്പിച്ച് പ്രതിയെ മുട്ടം ജില്ല ജയിലിൽ എത്തിച്ചു. 12 ൽ പരം കേസുകളിൽ പ്രതിയാണ് പ്രതീഷ്. എന്നാൽ മുട്ടത്തെ ജയിലധികൃതരെ കണ്ടപ്പോൾ ഇയാൾ സൗമന്യനായി. മുൻപ് കഴിഞ്ഞ ജയിലിലെ ഉദ്യോഗസ്ഥരായിരുന്നു ഇവർ. പ്രശ്‌നം കോടതിയിൽ പറഞ്ഞ് ജയിൽ മാറ്റി നൽകാമെന്ന ഉറപ്പ് നൽകിയതോടെ ഇയാൾ ശാന്തനായി.