തൊടുപുഴ: നിരന്തര പോരാളിയായ ലാൽജി ഇത്രവേഗം വിടപറയുമെന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ കരുതിയതേയില്ല. യുവാവായിരിക്കെ ജന്മദൗത്യം പൂർത്തിയാക്കി ഇഹലോകംവിട്ട സ്വാമി വിവേകാനന്ദനെ പോലെ 45 വർഷത്തെ ജീവിതത്തിനിടെ മനുഷ്യായുസിലാവുന്നതെല്ലാം ചെയ്ത ശേഷമാണ് ലാൽജി യാത്രയാകുന്നത്. അകാലത്തിലെത്തിയ അസുഖത്തെയും നിറപുഞ്ചിരിയോടെയാണ് ലാൽകൃഷ്ണ നേരിട്ടത്. അസുഖം അലട്ടുമ്പോഴും അദ്ദേഹം തന്റെ കർമണ്ഡലത്തിൽ സജീവമായിരുന്നു. ഇതിനിടെ ശ്വാസകോശത്തിൽ മാരകമായ അണുബാധയേറ്റ് ലാൽജി അവശനിലയിലായി. ആഗസ്റ്റ് 26നാണ് ലാൽകൃഷ്ണയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പല തവണ ജീവിതത്തിലേക്ക് തിരിച്ച് വരവിന്റെ സൂചനകൾ നൽകിയെങ്കിലും ഉറ്റവരുടെ പ്രാർത്ഥനകൾ വിഫലമാക്കി അദ്ദേഹം വിടവാങ്ങി. 1991ൽ കരസേനയിലെത്തിയ ഡോ. ലാൽകൃഷ്ണ 1999ലെ കാർഗിൽ യുദ്ധത്തിന്റെ സമയത്ത് ജമ്മുകാശ്മീരിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ശബരിമല ആചാര സംരക്ഷണ പോരാട്ടത്തിലും മുൻപന്തിയിലുണ്ടായിരുന്നു. 2018ലെ മഹാപ്രളയത്തിലും കഴിഞ്ഞ പ്രളയത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി. കൈവെച്ച മേഖലകളിലെല്ലാം സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി ചുരുങ്ങിയ കാലംകൊണ്ട് പേരെടുത്തു. ഇന്നലെ രാവിലെ എട്ടരയോടെ പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തിയത്. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ജന്മഭൂമി ജനറൽ മാനേജർ കെ.ബി. ശ്രീകുമാർ, ജനം ടി.വി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു,​ ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആർ. ശശിധരൻ, പ്രാന്തീയ പ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, സഹപ്രാന്ത പ്രചാരക് എസ്. സുദർശനൻ, പ്രാന്തീയ സഹകാര്യവാഹ് പി.എൻ. ഈശ്വരൻ, പ്രാന്തീയ സഹപ്രചാർ പ്രമുഖ് എൻ.ആർ. മധു, ശാരീരിക് പ്രമുഖ് വി. ഉണ്ണികൃഷ്ണൻ, സേവാഭാരതി ഓർഗനൈസിംഗ് സെക്രട്ടറി യു.എൻ. ഹരിദാസ് തുടങ്ങി ഒട്ടേറെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.