ഇടുക്കി: ഒളിവിലായിരുന്ന ജോത്സ്യൻ പുട്ടിസാമിയെന്നറിയപ്പെടുന്ന കൃഷ്ണകുമാർ ഇന്നലെ കട്ടപ്പനയിലെ വീട്ടിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ ദേഹത്ത് നിന്ന് കണ്ടെത്തിയ ഏലസ് പൂജിച്ച് നൽകിയതെന്ന് പൊലീസ് കരുതുന്നത് കൃഷ്ണകുമാറാണ്. വർഷങ്ങൾക്ക് മുമ്പുള്ള സംഭവമായതിനാൽ തകിട് പൂജിച്ച് നൽകിയത് താനാണോയെന്ന് ഓർക്കുന്നില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇവിടെ ഒരുപാട് പേർ വരാറുള്ളതിനാൽ ജോളിയെയും റോയിയെയും പരിചയമില്ല. മരിച്ച റോയിയുടെ ദേഹത്ത് നിന്ന് തന്റെ മേൽവിലാസം കിട്ടിയതെങ്ങനെയെന്നും അറിയില്ല. തന്നെ കാണാൻ വരുന്നവരുടെ രജിസ്ട്രർ രണ്ട് വർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ല. ഭസ്മം നിറച്ച എലസ് പൂജിച്ച് കൊടുക്കാറുണ്ട്. ഭസ്മം ആർക്കും കഴിക്കാൻ കൊടുക്കാറില്ല. ഒരു മാസം മുമ്പ് രണ്ട് തവണ ഒരു കേസിന്റെ കാര്യത്തിനെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ചിൽ നിന്ന് ഫോൺ വന്നിരുന്നു. എന്താണ് കേസെന്ന് പറഞ്ഞില്ല. നേരിട്ട് വന്ന് കണ്ടുകൊള്ളാമെന്ന് മാത്രമാണ് പറഞ്ഞത്. ആരെങ്കിലും കളിപ്പിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. മുമ്പ് ഒരു കേസിലും പ്രതിയല്ല. താൻ ഒളിവിലായിരുന്നില്ലെന്നും യാത്രയിലായതിനാലാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്തതെന്നും കൃഷ്ണകുമാർ പറഞ്ഞു. ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിക്കുമ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു തകിടും പൊടിയും ജോത്സ്യന്റെ മേൽവിലാസവും ലഭിച്ചിരുന്നു.