തൊടുപുഴ: കേരളം ഞെട്ടിയ കൂടത്തായി കൊലപാതകപരമ്പരയിലെ വിവാദ നായിക കട്ടപ്പന സ്വദേശി ജോളിയുടെ ഇരകളെല്ലാം ഉറ്റവരും ഉടയവരുമായിരുന്നു. ജോളിയുമായി സമാനതകളില്ലെങ്കിലും അടുത്തിടെ ഇടുക്കിയിൽ നടന്ന കൊലപാതകങ്ങളെല്ലാം പ്രതിസ്ഥാനത്ത് ബന്ധുക്കളാണ്. ആഗസ്റ്റിൽ തേക്കടിയിലെ ലോഡ്ജിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവം ഏറ്റവുമൊടുവിൽ ചൊവ്വാഴ്ച രാജകുമാരിയിൽ കുരുവിള സിറ്റിയിൽ ഗൃഹനാഥൻ വെട്ടേറ്റുമരിച്ച സംഭവം വരെയുള്ള കേസുകളിൽ ബന്ധുക്കളാണ് പ്രതികൾ. അടുത്ത നാളിൽ ഭർത്താക്കന്മാർ ഭാര്യമാരെ കൊലപ്പെടുത്തിയ മൂന്ന് കേസുകളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഒരു കേസിൽ ഒന്നിച്ചു ജീവിച്ചയാളും യുവതിയുടെ ഘാതകനായി. കഴിഞ്ഞ ആഗസ്റ്റിൽ മാത്രം മൂന്നു കൊലപാതകങ്ങളാണ് ജില്ലയിൽ നടന്നത്. ഇതിൽ രണ്ടു സംഭവങ്ങളിൽ കൊലപാതകത്തിനു ശേഷം പ്രതികൾ ജീവനൊടുക്കുകയായിരുന്നു. കുടുംബ ബന്ധത്തിലെ അസ്വാരസ്യങ്ങളും സാമ്പത്തിക തർക്കങ്ങളുമാണ് പല കൊലപാതകങ്ങളുടെയും പിന്നിലെന്ന് പൊലീസ് പറയുന്നക്കും കാരണമായത്.

രക്തബന്ധം മറന്നപ്പോൾ
1. സ്വത്തുതർക്കത്തെ തുടർന്ന് ചൊവ്വാഴ്ച രാജകുമാരിയ്ക്കു സമീപം കുരുവിള സിറ്റിയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ച കേസിൽ സഹോദരനും മരുമകനുമാണ് പ്രതി സ്ഥാനത്ത്. മുണ്ടോംകണ്ടത്തിൽ റെജിമോനാണ് (52) മരിച്ചത്. സഹോദരൻ സജീവനും ഇയാളുടെ മകളുടെ ഭർത്താവ് ശ്യാം മോഹനും അറസ്റ്റിലായി.

2. കഴിഞ്ഞ ഞായറാഴ്ചയാണ് കുമളി ചക്കുപള്ളം മാങ്കവലയിൽ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്‌നാട് കമ്പം പുതുപ്പെട്ടി സ്വദേശി മണികണ്ഠ കുമാർ (37) ഭാര്യ മുത്തുലക്ഷ്മിയെ (32) തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയത്. സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.

3. കഴിഞ്ഞ മാസമാണ് മറയൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത്. മറയൂർ മിഷൻ വയൽ സ്വദേശിനി ശുഭയെയാണ് (35) ഭർത്താവ് വേദമുത്തു (50) വെട്ടിക്കൊലപ്പെടുത്തിയത്.

4. ആഗസ്റ്റിലാണ് തോപ്രാംകുടിയിൽ ഭാര്യയെ വെട്ടിക്കൊന്നു ഭർത്താവ് ജീവനൊടുക്കിയത്. സ്‌കൂൾ സിറ്റി കുന്നുംപുറത്ത് ഷാജിയാണ് (51) ഭാര്യ മിനിയെ (45) കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഷാജിയുടെ അമിത മദ്യപാനമായിരുന്നു കൊലയ്ക്കു കാരണമെന്ന് പൊലീസ് പറയുന്നു.

5. ആഗസ്റ്റ് 12നാണ് രാജാക്കാട് വീടു കയറി ആക്രമിച്ച മുൻ മരുമകനെ ഭാര്യാ പിതാവും മാതാവും ചേർന്ന് ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. എറണാകുളം ആലങ്ങാട് ചിറയം പള്ളത്തുനാട് സ്വദേശി കൂട്ടുങ്കൽ ഷിബുവാണ് (49) കൊല്ലപ്പെട്ടത്. സംഭവത്തിൽ മമ്മട്ടിക്കാനം മാരാർ സിറ്റി കൈപ്പള്ളിൽ ശിവൻ, ഭാര്യ ജഗദമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

6. ആഗസ്റ്റ് 11ന് തേക്കടിയിലെ ലോഡ്ജിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവമാണ് മറ്റൊന്ന്. തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന (60), മകൻ കരിക്കാട്ടുവിള പ്രമോദ് (40), ഭാര്യ തമിഴ്‌നാട് ചെന്നൈ കാഞ്ചീപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു.