വണ്ണപ്പുറം:വണ്ണപ്പുറം മേഖലയിലെ ബി.എസ്.എൻ.എൽ നെറ്റ് വർക്ക് തകരാർ ജനങ്ങളെ വലക്കുന്നു .പതിവായി ഉണ്ടാകുന്ന നെറ്റ് വർക്ക് തകരാറുമൂലം ജനങ്ങൾ ബി.എസ്.എൻ.എൽ കണക്ഷനുകൾ വിഛേദിക്കാൻ ഒരുങ്ങുന്നു. അധികൃതരുടെ അനാസ്ഥയാണ് ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. പല സർക്കാർ ഒഫീസുകളും ബാങ്കുകളും നെറ്റ് വർക്ക് തകരാറുമൂലം ബുദ്ധിമുട്ടുകയാണ് . ഇതുമൂലം സർക്കാർ ഒഫീസുകളിൽ നിന്ന് അപേക്ഷകർക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സാധിക്കുന്നില്ലായെന്ന ആക്ഷേപമുണ്ട് ജനങ്ങൾക്കിടയിൽ. പലപ്പോഴും ടവറിന് ചുവട്ടിൽ നിന്നാൽ പോലും ഫോണുകൾ പരിധിക്ക് പുറത്താണ് എന്നാണ് പറയുന്നത്. ഇതു കൂടാതെ ബി.എസ്.എൻ.എല്ലിൽ നിന്നും പല തവണ വിളിച്ചാൽ മാത്രമാണ് കോളുകൾ കിട്ടുന്നത് . സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കോൾകട്ടായി പരിധിക്കു പുറത്താവുന്നത് ഇവിടുത്തെ ബി.എസ്.എൻ.എൽ കണക്ഷനുകളുടെ പ്രത്യേകതയാണ് . നിരവധി വിനോദ സഞ്ചാര മേഖലകൾ ഉള്ള വണ്ണപ്പുറം മേഖലകളിൽ അപകടങ്ങൾ ഉണ്ടായാൽ പോലും, നെറ്റ് വർക്ക് തകരാർ മൂലം പുറം ലോകത്തെ അറിയിക്കുവാൻ സാധിക്കുന്നില്ല. ഇത് സംബന്ധിച്ച് നിരവധി തവണ അധികാരികൾക്ക് പരാതികൾ നൽകിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. എന്നാൽ ബി.എസ്.എൻ.എൽ അധികൃതർ പറയുന്നത് ലാൻഡ് ഫോണുകൾക്ക് തകരാറില്ലായെന്നും, മൊബൈൽ ഫോൺ നെറ്റ് വർക്ക് തകരാർ എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്നുമാണ്‌.

ഓൺലൈൻ ഔട്ട്

നെറ്റ് വർക്കിലുണ്ടാകുന്ന നിരന്തര തകരാർ ഓൺലൈൻ സേവനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. അപേക്ഷകൾ അയയ്ക്കുന്നതും രേഖകൾ ഡൗൺലോഡ് ചെയ്യുന്നതിനും തടസമാവുന്നു . ഓൺ ലൈൻ വഴിയുള്ള പണമിടപാടുകൾക്കും നെറ്റ് വർക്ക് തകരാർ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.