vegitable
കേരള കാർഷിക സർവ്വകലാശാല അധികൃതർ കാന്തല്ലൂരിലെ ശീതകാല പച്ചക്കറി പാടങ്ങൾ സന്ദർശിക്കുന്നു

കേരള കാർഷിക സർവ്വകലാശാല നടപടികൾ ആരംഭിച്ചു


മറയൂർ: കേന്ദ്ര സർക്കാരിന്റെ ഭൗമസൂചികാ പദവി വട്ടവട - കാന്തല്ലൂർ മേഖലയിൽ വിളയുന്ന വെളുത്തുള്ളിക്ക് ലഭ്യമാക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെയും കൃഷി മന്ത്രിയുടെയും നിർദ്ദേശപ്രകാരം കേരള കാർഷിക സർവ്വകലാശാലയാണ് ഭൗമസൂചികാ പദിവിക്കുള്ള ഔദ്യോഗിക ശ്രമങ്ങൾ ആരംഭിച്ചത്. മറയൂർ ശർക്കരക്ക് ഭൗമസൂചിക പദവി നേടിയെടുക്കൂന്നതിനായി പ്രവർത്തിച്ച സംഘം തന്നെയാണ് വട്ടവട - കാന്തല്ലൂർ വെളുത്തുള്ളിക്ക് വേണ്ടിയും ശ്രമങ്ങൾ ആരംഭിച്ചത്. സർവ്വകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ കോ- ഓഡിനേറ്റർ സി ആർ എൽസിയുടെ നേതൃത്വത്തിൽ കാന്തല്ലൂർ - വട്ടവട മേഖലകൾ സന്ദർശിച്ച് കർഷകരൂമായി ആശയ വിനിമയവും വിവര ശേഖരണവും നടത്തി.

മലപൂട് എന്ന പേരിൽ അറിയപ്പെടുന്ന നാടൻ വെളുത്തുള്ളി ഉപയോഗിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ഔഷധങ്ങൾ ഉണ്ടാക്കിയിരുന്നതായും ഇവ അഞ്ചുനാടൻ ജനതയുടെ ആരോഗ്യ സംരക്ഷണത്തിനായി പലഘട്ടങ്ങളിലും ഉപയോഗപ്പെടുത്തിയിരുന്നതായും പരമ്പാരാഗത കർഷകർ വിവരം നൽകി.

വെളുത്തുള്ളി കൃഷിയുടെ പാരമ്പര്യത്തെ സാധൂകരിക്കുന്ന രേഖകൾ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുകയാണ് പ്രധാന ദൗത്യം. ഇന്ത്യയിൽ ഇതര സംസ്ഥാനങ്ങളിൽ വിളയുന്ന വെളുത്തുള്ളിയെ അപേക്ഷിച്ച വട്ടവട - കാന്തല്ലൂർ മേഖലയിൽ വിളയുന്ന വെളുത്തുള്ളി ഇനങ്ങളെ അപേക്ഷിച്ച് തൈലത്തിന്റെ അളവും കേട് കൂടാതെ ഇരിക്കുന്ന കാലയളവും കൂടുതലാണെന്ന് കാർഷിക സർവ്വകലാശാലയിലെ ഡോ .ജലജ എസ് മേനോന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി നടത്തിയ ഗവേഷണങ്ങളിലുടെ കണ്ടെത്താൻ സാധിച്ചു. കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയ കാർഷിക സർവ്വകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ കോ- ഓഡിനേറ്റർ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദ്രൻ , കൃഷി ഓഫീസർ എം ഗോവിന്ദ രാജ്, പ്രിയ പീറ്റർ, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് കൃഷി ഓഫീസർ കെ മൂരുകൻ കർഷക പ്രതിനിധികൾ എന്നിവരൂമായി കൂടികാഴ്ച്ച നടത്തി. വട്ടവട വെളുത്തുള്ളിയും ഭൗമസൂചിക പദവി നേടിയ കൊടൈക്കനാൽ വെളുത്തുള്ളിയുമായുള്ള താരതമ്യ പഠനം ആരംഭിച്ചതായി കാർഷിക സർവ്വകലാശാല അധികൃതർ അറിയിച്ചു.