ചെറുതോണി: ക്ലാസിൽനിന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചുരുളി എസ്.എൻ.ഡി.പി സ്‌കൂളിലെ കുട്ടികൾ ഒരുക്കിയ നെൽപ്പാടം ശ്രദ്ധേയമായി. സ്‌കൂളിന് സ്വന്തമായുള്ള മൂന്നേക്കർ സ്ഥലത്ത് വെള്ളം സുലഭമായി കിട്ടുന്ന ഭാഗം തിരഞ്ഞെടുത്ത് രക്ഷകർത്താക്കളുടെ സഹകരണത്തോടെ കുട്ടികൾ നെൽപ്പാടം ഒരുക്കുകയായിരുന്നു. കൃഷിയേക്കുറിച്ച് കുട്ടികൾക്ക് സാങ്കേതികമായ പരിശീലനം നൽകുകയാണ് ഉദ്ദേശം. വിത്തുംവളവും കുട്ടികൾതന്നെ ശേഖരിച്ചു. കഞ്ഞിക്കുഴി കൃഷിഭവന്റെ സഹകരണത്തോടെയാണ് ഞാർ നട്ടത്. ഹെഡ്മിസ്ട്രസ് ഷൈബി, പി.ടി.എ പ്രസിഡന്റ് ബിജു മുണ്ടപ്പിള്ളി, മാണി പഴയവീട്ടിൽ, പ്രിയ തോമസ്, റോയി വരിക്കാനി, വി.എസ് പ്രകാശ്, നിഷാ തുണ്ടത്തിൽ ,പി.ആർ കോമളം തുടങ്ങിയവർ നേതൃത്വം നൽകി.