കട്ടപ്പന: താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തികരിച്ച പോസ്റ്റുമോർട്ടം യൂണിറ്റ് ഇന്ന് രാവിലെ 10ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നിറുത്തിവച്ചിരുന്നത് പുതിയ യൂണിറ്റിന്റെ ഉദ്ഘാടനത്തോടെ പുനരാരംഭിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. ആശുപത്രി ഹാളിൽ ചേരുന്ന യോഗത്തിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, വൈസ് ചെയർപേഴ്‌സൺ ലൂസി ജോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോണി കുളംപള്ളി, തോമസ് മൈക്കിൾ ലീലാമ്മ ഗോപിനാഥ്, എമിലി ചാക്കോ, ബെന്നി കല്ലുപുരയിടം മുൻ ചെയർമാൻ മനോജ് എം. തോമസ്, താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ വി.ആർ. സജി, ജോയി പെരുന്നോലി, മനോജ് മുരളി, കെ.എസ്. രാജൻ, വി.കെ. ശശി, ചെറിയാൻ പി. ജോസഫ്, ഡോ. ശ്രീകാന്ത് എന്നിവർ സംസാരിക്കും.

ആശുപത്രി വികസനത്തിന് 40 കോടിയുടെ മാസ്റ്റർപ്ലാൻ

ആശുപത്രിയുടെ സമഗ്ര വികസനത്തിന് 40 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നഗരസഭ സർക്കാരിന് നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ എല്ലാ വിഭാഗങ്ങളിലും സൗകര്യങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള സ്ഥലം പൂർണമായും ഉപയോഗിക്കത്തരീതിയിലാണ് പ്ലാൻ. 200 കിടക്കകൾ, പേ വാർഡ്, പാർക്കിംഗ് സൗകര്യം, വിശാലമായ ഓഫീസ് വിഭാഗവും ഉൾപ്പെടുന്ന അഞ്ച് നില കെട്ടിടത്തിനാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. പത്ത് ക്വാട്ടേഴ്‌സും അനുബന്ധ സൗകര്യങ്ങളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒ.പി കൗണ്ടർ, എക്‌സ്‌റേ യൂണിറ്റ് ഓപ്പറേഷൻ തീയേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ച് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. സർക്കാർ സഹായത്തോടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയാക്കി ഈ സാമ്പത്തിക വർഷം തന്നെ പ്രവർത്തനം ആരംഭിക്കാൻ കഴിയും.