തൊടുപുഴ: കേരളാ ബാങ്ക് രൂപീകരണത്തോടെ വായ്പാമേഖല തകരുമെന്ന് സി.എം.പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു പറഞ്ഞു. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സഹകരണ ബാങ്കുകൾ ഓരോ ജില്ലയ്ക്കും അനുയോജ്യമായ വായ്പാ നയങ്ങൾ രൂപീകരിച്ചാണ് വായ്പകൾ നൽകുന്നത്. കേരളാ ബാങ്ക് രൂപംകൊള്ളുന്നതോടെ ഈ നയത്തിൽ മാറ്റം വരും. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്കും വ്യാപാരികളും കൃഷിക്കാരുമടക്കമുള്ള സഹകാരികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് ഇത് ദോഷം ചെയ്യും. വി.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ.എ. കുര്യൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എസ്. ഷാജി, ലൈലാ തമ്പി എന്നിവർ സംസാരിച്ചു. ടി.എസ്. അനുരാജ് പ്രസിഡന്റും അനീഷ് ചേനക്കര സെക്രട്ടറിയുമായി പുതിയ കമ്മറ്റിയെയും തിരഞ്ഞെടുത്തു.