രാജകുമാരി: മൂന്നാർ ഗ്യാപ് റോഡിൽ നാല് ദിവസത്തിനിടെ രണ്ടാമതും മലയിടിഞ്ഞു. കൂറ്റൻ പാറക്കല്ലുകൾ താഴേയ്ക്ക് പതിച്ച് നിർമാണത്തിലിരുന്ന റോഡ് വീണ്ടും തകർന്നു. കഴിഞ്ഞ ദിവസം മലയിടിച്ചിൽ ഉണ്ടായതിന് സമീപത്താണ് വീണ്ടും ഇടിഞ്ഞത്. ആദ്യ മലയിടിച്ചിലിൽ കാണാതായ ജെ.സി.ബി ഓപ്പറേറ്റർ തമിഴരശന് വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. ചൊവ്വാഴ്ചയായിരുന്നു ഗ്യാപ്പ് റോഡിൽ വലിയ മലയിടിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ച് ഒരാൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തത്. റോഡ് നിർമാണത്തിന്റെ ഭാഗമായി വൻ തോതിൽ പാറ ഖനനം നടത്തിയിരുന്ന ഇവിടെ മലമുകളിൽ നിന്ന് കൂറ്റൻ പാറകല്ലുകളാണ് മണ്ണിടിച്ചിലിനൊപ്പം താഴോട്ട് പതിക്കുന്നത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഗ്യാപ്പിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. സമീപത്തെ കടയിൽ പാൽ വിൽക്കാനെത്തിയ ക്ഷീര കർഷകൻ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. പാലുമായി വന്ന ആട്ടോറിക്ഷ നിറുത്തി ഫോണിൽ സംസാരിക്കുന്ന സമയത്താണ് മലയിടിഞ്ഞ് പാറകല്ലുകൾ സമീപം പതിച്ചത്. നിലവിൽ പാറപൊട്ടിച്ച ഭാഗങ്ങൾ ഏറെയും ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന രീതിയിലാണ്. രാത്രിയിലടക്കം കാൽനടയാത്രക്കാരെ പോലും കടത്തി വിടാതിരിക്കാൻ പൊലീസ് ഇവിടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാമതും മണ്ണിടിച്ചിൽ ഉണ്ടായതോടെ ദേവികുളത്ത് നിന്ന് പൊലീസിനും ഫയർഫോഴ്‌സിനുമടക്കം ആദ്യ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തെത്തി തെരച്ചിൽ നടത്താനും കഴിയുന്നില്ല. നിലവിൽ നെടുങ്കണ്ടത്തുനിന്നുള്ള ഫയർഫോഴ്‌സും നാട്ടുകാരും എൻ.ഡി.ആർ.എഫ് ടീമുമാണ് തെരച്ചിൽ തുടരുന്നത്. രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഇവിടം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. നിലവിൽ ശക്തമായ മഞ്ഞ് വീഴ്ചയും ഒപ്പം മഴയും ആരംഭിച്ചതിനാൽ തെരച്ചിലും അവസാനിപ്പിക്കേണ്ട അവസ്ഥയാണുള്ളത്.