തൊടുപുഴ: മണിക്കൂറുകൾ കാത്തിരുന്നിട്ടും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോകാൻ നഗരസഭ ആംബുലൻസ് ലഭിച്ചില്ലെന്ന് പരാതി. നൈറ്റ് വാച്ചർ ഗേറ്റ് പൂട്ടി സ്ഥലം വിട്ടതിനെ തുടർന്നാണ് ആംബുലൻസ് ലഭിക്കാതെ വന്നത്. സംഭവത്തിൽ കൃത്യവിലോപം കാട്ടിയ നൈറ്റ് വാച്ചർ ദിവാകരനെ നഗരസഭ ചെയർപേഴ്‌സൺ ജെസി ആന്റണി സസ്‌പെൻഡ് ചെയ്തു. ആംബുലൻസിനായി കാത്തിരുന്ന് മടുത്ത ബന്ധുക്കൾ പിന്നീട് സ്വകാര്യ ആംബുലൻസ് വിളിച്ചാണ് മൃതദേഹം കൊണ്ടു പോയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം അടിമാലിയിലേക്ക് കൊണ്ടു പോകാനാണ് ആംബുലൻസ് വിളിച്ചത്. രാത്രി എട്ടരയോടെ ബന്ധുക്കൾ മൃതദേഹം കൊണ്ടു പോകാൻ നഗരസഭയുടെ ആംബുലൻസ് ആവശ്യപ്പെട്ടു. ഉടൻ തന്നെ എത്തുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചെങ്കിലും ഓഫീസ് ഗേറ്റ് പൂട്ടിയിരുന്നതിനാൽ ഡ്രൈവർക്ക് താക്കോൽ എടുക്കാനായില്ല. തുടർന്ന് വിവരം ചെയർപേഴ്‌സണെ അറിയിച്ചു. ചെയർപേഴ്‌സൺ നിർദേശിച്ചതിനുസരിച്ച് നഗരസഭ സൂപ്രണ്ട് ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോയ്‌സ് എന്നിവർ സ്ഥലത്തെത്തിയെങ്കിലും ഗേറ്റ് പൂട്ടിയിരുന്നതിനാൽ അകത്തു കടക്കാൻ സാധിച്ചില്ല. ഇതിനിടെ നൈറ്റ് വാച്ചറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ താഴ് തകർത്ത് അകത്തു കയറി താക്കോൽ എടുത്ത് ആംബുലൻസ് സ്ഥലത്ത് എത്തിച്ചു. എന്നാൽ ഇതിനോടകം സമയം ഏറെ വൈകിയതിനാൽ ഫ്രീസർ സംവിധാനമുള്ള ആംബുലൻസ് ആവശ്യമായി വന്നു. തുടർന്ന് നഗരസഭ ആംബുലൻസ് മടങ്ങി. പിന്നീട് ഫ്രീസർ സംവിധാനമുള്ള സ്വകാര്യ ആംബുലൻസ് എത്തിച്ച് മൃതദേഹം കൊണ്ടു പോയി.


''രാത്രി കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചർ ഗേറ്റ് പൂട്ടി സ്ഥലത്ത് നിന്ന് പോയത് ഗുരുതര കൃത്യവിലോപമാണ്. അടുത്ത കൗൺസിൽ യോഗത്തിൽ തുടർനടപടികൾ സ്വീകരിക്കും"

- ജെസി ആന്റണി (ചെയർപേഴ്‌സൺ)