ചെറുതോണി : 35 വർഷമായി വീടെന്ന സ്വപ്നം ബാക്കിയായി ആരുടെയും ആശ്രയമില്ലായെ ഒരു വയോധിക. പൈനാവ് വടക്കേക്കുടിയിൽ പാറുക്കുട്ടിയാണ് അധികാരികളുടെ അവഗണന മൂലം വീടില്ലാതെ റോഡുവക്കിലെ ഷെഡിൽ കഴിയുന്നത്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി പാറുക്കുട്ടി അന്തിയുറങ്ങുന്നത് ഇടിഞ്ഞു വീഴാറായ ഷെഡിലാണ്. പത്തു വർഷം മുൻപ് ഭർത്താവ് മരിച്ചു. രണ്ടു മക്കൾ പാറുക്കുട്ടിക്കുണ്ടെങ്കിലും രണ്ടു പേരും കൂലിവേല ചെയ്ത് ദൂരെ വാടക വീടുകളിൽ കഴിയുകയാണ്. വാർദ്ധക്യ രോഗങ്ങൾ പിടിപെട്ടതോടെ എഴുന്നേറ്റു നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. പൈനാവിൽ കാടിനോടു ചേർന്നുള്ള റോഡുവക്കിലെ ഷെഡിലാണ് പാറുക്കുട്ടി അന്തിയുറങ്ങുന്നത്. വീടിനായി പലതവണ അപേക്ഷ കൊടുത്തിട്ടും വീടുനൽകാൻ പഞ്ചായത്ത് തയ്യാറായില്ലന്നാണ് രോഗിയായ ഈ വയോധിക പറയുന്നത്. പിന്നീട് കളക്ടർക്കും പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്തിനെ ചുമതലപ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലന്നും ഇവർ പറഞ്ഞു. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ എപ്പോഴും സഞ്ചരിക്കുന്ന വനാതിർത്തിയിൽ ഷെഡിൽ കഴിയുമ്പോഴും ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങണമെന്ന ഏക അഗ്രഹമാണ് ഇനിയും ബാക്കിയെന്ന് പാറുക്കുട്ടി പറയുന്നു.