തൊടുപുഴ: പാറ - നാഗപ്പുഴ റൂട്ടിൽ പാലക്കുഴ പാലത്തിനടുത്ത് കലുങ്കിന് സമീപത്തുളള കൽക്കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ വ്യാപകമായ ആക്ഷേപം.തോടിനോട് ചേർന്നുള്ള റോഡിന്റെ അരികിലുള്ള സംരക്ഷണ ഭിത്തിയും മൺത്തിട്ടയും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.ഇതേ തുടർന്ന് പാറ- നാഗപ്പുഴ റൂട്ടിലുളള യാത്രാ ദുരിതവും ഏറെ അപകടാവസ്ഥയിലായി.റോഡിന്റെ അവസ്ഥ സംബ്ബന്ധിച്ച് നാട്ടുകാർ പരാതിപെട്ടതിനെ തുടർന്ന് പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും റോഡ് നന്നാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാൽ ടാറിംഗ് ഉൾപ്പടെ തുടർ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.കനത്ത മഴയായതിനാലാണ് നിർമാണം ആരംഭിക്കാത്തത് എന്നാണ് ബന്ധപ്പെംട്ടവർ നൽകുന്ന വിശദീകരണം.എന്നാൽ ഓരോ ദിവസം കഴിയുന്തോറും ഇത് വഴിയുളള യാത്രാദുരിതം ഏറുകയാണ്.കൂടാതെ റോഡിന്റെ പല ഭാഗങ്ങളും തകർന്ന് റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതും ഇത് വഴിയുളള യാത്ര ദുഷ്ക്കരമാക്കുകയാണ്.റോഡിന്റെ വികസനത്തിനായി രണ്ടു കോടി 85 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികളാവുന്നില്ല.ബി എം സി നിലവാരത്തിലുള്ള ടാറിംഗ് നടത്താനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതും.എന്നാൽ റോഡിന്റെ നിലവിലുളള വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല. പാറ ജംഗ്ഷനിൽ നിന്ന് നാഗപ്പുഴ, കലൂർക്കാട് ഭാഗത്തേയ്ക്കു തിരിഞ്ഞ് പോകുന്ന റോഡാണിത്. പാറയിൽ നിന്ന് നാഗപ്പുഴയ്ക്ക് സമീപം പാലക്കുഴ കലുങ്ക് വരെയാണ് ഇടുക്കി ജില്ലയുടെ അതിർത്തി.

റോഡ് തകർന്നു

പാറ മുതൽ പാലക്കുഴ വരെയുള്ള മൂന്നു കിലോ മീറ്ററോളം ഭാഗം റോഡും പലയിടങ്ങളിലും പൂർണമായും തകർന്ന് കിടക്കുകയാണ്.പാറ - നാഗപ്പുഴ റോഡ് നന്നാക്കുന്നതിന്റെ ഭാഗമായി ഈ ഭാഗവും മെച്ചപ്പെടുത്താൻ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടപടികളാവുന്നില്ല.

തിരക്കുള്ള റോഡ്

മുവാറ്റുപ്പുഴ,കലൂർക്കാട്, നാഗപ്പുഴ, തൊടുപുഴ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. അരമണിക്കൂർ ഇടവിട്ട് ബസ് സർവീസുകളടക്കം നിരവധി വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന റോഡാണിത്.പൈങ്കുളം മാനസികാരോഗ്യ കേന്ദ്രം, ശിശുക്ഷേമ സമിതിയുടെ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ, പൈങ്കുളം എൽ പി, ഹൈസ്കൂൾ, മൈലക്കൊമ്പ്, നാഗപ്പുഴ പള്ളി, നാഗപ്പുഴ ക്ഷേത്രം, സ്കൂൾ, വെമ്പിള്ളി ആശുപത്രി തുടങ്ങിയ നിരവധിയായ സ്ഥാപനങ്ങളും ഈ റൂട്ടിൽ പ്രവർത്തിക്കുന്നുമുണ്ട്.