തൊടുപുഴ: സംസ്ഥാനത്തെ ആറുലക്ഷം വരുന്ന പെൻഷൻകാരുടെ പ്രതീക്ഷയായിരുന്ന ചികിത്സാ ഇൻഷുറൻസ് പദ്ധതി വൈകുന്നതിൽ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജീവനക്കാർക്ക് മെഡിക്കൽ റീഇംബേഴ്സ്‌മെന്റും മെഡിക്കൽ അലവൻസും നിലവിലുണ്ട്. എന്നാൽ പെൻഷൻകാർക്ക് കേവലം 300 രൂപയുടെ മെഡിക്കൽ അലവൻസ് മാത്രമാണ് ലഭിക്കുന്നത്. വലിയതോതിലുള്ള ചെലവു വരുന്ന ചികിത്സകൾ നിർവഹിക്കുന്നതിന് പെൻഷൻകാർക്ക് സാധിക്കാത്ത സ്ഥിതിയാണുള്ളത്. യു.ഡി.എഫ് ഭരണകാലത്ത് പ്രഖ്യാപിക്കപ്പെട്ട ചികിത്സാപദ്ധതി നടപ്പാക്കാതെ കാലവിളംബം വരുത്തുന്ന ഇടതുസർക്കാരിന്റെ നിലപാടിൽ പെൻഷൻകാർ അക്ഷമരാണെന്ന് കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പെൻഷൻ പരിഷ്‌കരണത്തിനും കുടിശിക ക്ഷാമബത്ത ലഭ്യമാക്കുന്നതിനുമായി പ്രക്ഷോഭരംഗത്ത് വരുവാനും ജില്ലാ കമ്മിറ്റി തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് റ്റി.ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.എസ്. സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.