programe
ഇടുക്കി ഐഡിഎ മൈതാനത്തിൽ ഒരുക്കിയ സ്വീകരണത്തിൽ പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടിയിൽ നിന്ന്

ഇടുക്കി : സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമ്പുഷ്ട കേരളം പോഷൺ അഭിയാൻ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായുള്ള പോഷൺ എക്സ്പ്രസ് ജില്ലയിൽ പര്യടനം തുടരുന്നു. ചെറുതോണിയിൽ ഉച്ചയോടെ എത്തിയ പോഷൺ എക്സ്പ്രസിന് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. അംഗനവാടി പ്രവർത്തകരും ജീവനക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ളവരും റാലിയിൽ അണി നിരന്നു. പോഷക സമൃദ്ധമായ പച്ചക്കറികൾ അണിഞ്ഞും താലത്തിൽ പച്ചക്കറികൾ കൈയിലേന്തിയുമാണ് പ്രവർത്തകർ റാലിയിൽ പങ്കെടുത്തത്. ഇടുക്കി ബ്ലോക്കിലെ ആറു പഞ്ചായത്തിൽ നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. ആദ്യത്തെ ആയിരം ദിനങ്ങളുടെ പ്രാധാന്യം , അനീമിയ പ്രതിരോധം, വയറിളക്കം നിയന്ത്രിക്കൽ, ശുചിത്വം എന്നിവയെ കുറിച്ചുള്ള സന്ദേശവും വഹിച്ചു കൊണ്ടാണ് പോഷൺ എക്സ്പ്രസ് ജില്ലയിലൂടെ കടന്നു പോകുന്നത്. റാലിക്ക് ശേഷം ഇടുക്കി ഐഡിഎ മൈതാനത്തിൽ പോഷൺ എക്സ്പ്രസ് സന്ദർശിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പോഷക ആഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതിയുള്ള ഒപ്പന, വഞ്ചിപ്പാട്ട്, തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. ഇടുക്കി എംഎൽ.എ റോഷി അഗസ്റ്റിൻ പോഷൺ എക്സ്പ്രസ് സന്ദർശിച്ചു.ത്രിതല പഞ്ചായത്ത് പ്രധിനിധികൾ, വകുപ്പ് പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പോഷൺ എക്സ്പ്രസ് ഇന്ന് രാവിലെ പത്തിന് കട്ടപ്പനയിലും 2.30 ക്ക് അഴുതയിലും സന്ദർശനം നടത്തും.