ഇടുക്കി : ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി കട്ടപ്പന കോടതി കേന്ദ്രത്തിൽ പരിഗണിച്ചത് 1800 ഓളം കേസുകൾ. ഇതിൽ 185കേസുകൾ തീർപ്പാക്കി. ബാങ്കുകൾ ഉൾപ്പെടുന്ന കേസുകളിൽ 65 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ തീർപ്പാക്കി. പ്രത്യേകം ഒരുക്കിയ 25 ബൂത്തുകളിലായി 7500 ഓളം കേസുകളാണ് പരിഗണിച്ചത്. വിവിധ കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ സിവിൽ, ക്രിമിനൽ, വാഹന അപകട ഇൻഷുറൻസ്, കുടുംബ തർക്കം, റവന്യൂ റിക്കവറി, മുദ്രവില കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ വകുപ്പിലുള്ള കേസുകൾ, വിവിധ ബാങ്ക് വായ്പാ കേസുകൾ തുടങ്ങിയവയാണ് അദാലത്തിലുൾപ്പെടുത്തിയത്. ഒരു ജുഡീഷ്യൽ ഓഫീസറും ഒരു അഡ്വക്കേറ്റുമടങ്ങുന്നതാണ് ഒരു ബൂത്ത്. ഇത്തരത്തിൽ അഞ്ചു ബൂത്തുകളാണ് കട്ടപ്പന കോടതിയിലെ അദാലത്ത് കേന്ദ്രത്തിൽ ഒരുക്കിയിരുന്നത്. ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടെ പരിധിയിലുള്ള കേസുകളാണ് ഇവിടെ അദാലത്തിനെടുത്തത്. കട്ടപ്പന കുടുംബകോടതി, സബ് കോടതി, മുൻസിഫ് കോടതി, ഒന്നാം ക്ലാസ് മജിസ്റ്റ്‌ട്രേറ്റ് കോടതി, ന്യായാലയ കോടതി, നെടുംകണ്ടം മജിസ്റ്റ്‌ട്രേറ്റ് കോടതി, ന്യായാലയ കോടതി എന്നിവിടങ്ങളിൽ നിന്നുള്ള കേസുകൾ പരിഗണിച്ചു. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും കുടുംബകോടതി ജഡ്ജിയുമായ ഫെലിക്സ് മേരിദാസ് , കട്ടപ്പന സബ് ജഡ്ജ് എസ്.സൂരജ്, കട്ടപ്പന മുൻസിഫ് എൻ.എൻ.സിജി എന്നിവരാണ് അദാലത്തിലെത്തിയ കേസുകൾ പരിഗണിച്ചത്.