കട്ടപ്പന: പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി ആർദ്രം മിഷനിലുൾപ്പെടെ നിരവധി കാര്യങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതായും മന്ത്രി എം.എം.മണി. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പോസ്റ്റുമോർട്ടം യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇത് മുൻനിർത്തി ആരോഗ്യമേഖലയിൽ വലിയ വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നത്.ആർദ്രം മിഷനിലൂടെ സർക്കാർ ആശുപത്രികളുടെ നിലവാരം ഉയർത്തിയതിലൂടെ ജനങ്ങൾക്ക് മികച്ച പ്രയോജനം ലഭിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും പരമാവധി ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ചു വരുന്ന ഡയാലിസിസ് യൂണിറ്റ് ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടന യോഗത്തിന് അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകാന്ത് കെ.ബി റിപ്പോർട്ടവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ സ്വാഗതവും വാർഡ് കൗൺസിലർ സണ്ണി കോലോത്ത് നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ ലൂസി ജോയി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോണി കുളംപളളി, ലീലാമ്മ ഗോപിനാഥ്, ബെന്നികല്ലുപുരയിടം, മുൻ ചെയർമാൻ മനോജ് എം. തോമസ് താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ വി.ആർ സജി, ജോയി പെരുന്നോലി, മനോജ് മുരളി, കെ.എസ് രാജൻ, ചെറിയാൻ പി. ജോസഫ്, ആരോഗ്യ വിഭാഗം ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, കെ.എസ് മോഹനൻ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.