ചെറുതോണി: ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിന്റെ മറവിൽ ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാകുന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും പുതിയ ഭൂനിയമം ജില്ലയെ നിശ്ചലമാക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി. ഇടുക്കിയിൽ നടന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാരിവ്യവസായി, കർഷക, മത, സാമൂഹ്യ, സന്നദ്ധ സംഘടനാ നേതാക്കന്മാരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഒരു നിയമം കൊണ്ടുവന്നാൽ ജില്ലയിലെ വ്യാപാര വാണിജ്യ ടൂറിസം മേഖലകൾ തകരും. 1500 സ്‌ക്വയർഫിറ്റ് മാത്രമുള്ള കെട്ടിടമാണ് പണിയാൻ അനുവദിക്കുന്നതെങ്കിൽ ജില്ലയിൽ ഇനി ഒരു വ്യാപാര സ്ഥാപനങ്ങളും പുതിയതായി ഉണ്ടാവുകയില്ല. ഈ പ്രശ്നത്തിൽ ജില്ലയിലെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ചെറുതോണിയിൽ ചേർന്ന സമ്മേളനത്തിൽ കർഷക പ്രതിനിധികളും മതനേതാക്കന്മാരും, വ്യാപാരികളും രാഷ്ട്രീയ സാമൂദായിക മത നേതാക്കന്മാരുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നതിനും തീരുമാനിച്ചു. ഇടുക്കിയിലെ ജനങ്ങളെ മുഴുവൻ കൈയ്യേറ്റക്കാരാക്കാനുള്ള നീക്കം എന്തു വിലകൊടുത്തും തടയുമെന്നും കേരളത്തിലെഎല്ലാജില്ലകളിലും ഒരേ നിയമം നടപ്പാക്കണമെന്നും പി.ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പുതിയ ഉത്തരവിറങ്ങിയ ശേഷം ബാങ്കുകൾ, ലോൺനൽകാൻ വിസമ്മതിക്കുകയാണന്നും ഇതുമൂലം കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ മുടങ്ങിയെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, റെജി പനച്ചിക്കൽ, ആലീസ് സണ്ണി, ആർ മുരുകേശൻ, സണ്ണി പൈമ്പിള്ളി, പി.രാജൻ, എൽദോസ് പുളിച്ചോട്ടിൽ, അജയൻ, നാസർ മൗലവി, ആർ മണിക്കുട്ടൻ, എ.ഒ സാം, ജോസുകുട്ടി ഒഴുകയിൽ, വിശ്വകർമ സഭാ നേതാവ് സത്യൻ എന്നിവർ പ്രസംഗിച്ചു.