തൊടുപുഴ: നഗരസഭ ഭരണസമിതിയുടൈ വികസനമുരടിപ്പിനും ഭരണസ‌്തംഭനത്തിനുമെതിരെ എൽഡിഎഫ‌് നേതൃത്വത്തിൽ നാളെതൊടുപുഴ നഗരസഭ ഓഫീസിന‌് മുന്നിൽ സായാഹ‌്നധർണ സംഘടിപ്പിക്കുമെന്ന് എൽ ഡി എഫ് കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ധർണ്ണ ഉദ‌്ഘാടനം ചെയ്യും. ജനോപകാരപ്രദമായ വികസനപ്രവർത്തനങ്ങളൊന്നും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. മിനി മധു ചെയർപേഴ‌്സണായിരുന്ന ചുരുങ്ങിയ കാലഘട്ടത്തിൽ തുടക്കമിട്ട മാതൃക പരമായ വികസനപദ്ധതികൾ ഒന്നൊന്നായി അട്ടിമറിക്കുന്ന സമീപനമാണ‌് യുഡിഎഫ‌് ഭരണസമിതി കൈക്കൊള്ളുന്നത‌്. നഗരത്തിലെത്തുന്ന ജനങ്ങൾക്ക‌് വിശ്രമത്തിനും വിനോദത്തിനുമുള്ള ഏക ഉപാധിയായ നഗരസഭ പാർക്ക‌് സമൂഹ്യ വിരുദ്ധരുടെ താവളമാണ‌്. കളിയുപകരണങ്ങൾ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്നു. ലൈറ്റുകൾ പലതും പ്രകാശിക്കുന്നില്ല. കുടുംബശ്രീ വനിതകൾക്ക‌് തൊഴിലിനൊപ്പം പാർക്കിൽ എത്തുന്നവർക്ക‌് ഉപകാരപ്രദവുമാകുമായിരുന്ന കുടുംബശ്രീ കഫേ പദ്ധതി പാതിവഴിയിൽ നിലച്ചമട്ടാണ‌്. പാർക്കിൽ കലാസന്ധ്യയ‌്ക്കൊരിടം എന്ന ലക്ഷ്യത്തോടെയാണ‌് ആംഫി തീയേറ്റർ നിർമിക്കാൻ തീരുമാനമെടുത്തത‌്. എന്നാൽ, ഇതിന്റെ നിർമാണവും നിലച്ചു. ഇനിയുള്ള ഒരു വർഷം അധികാര കസേരകൾ വീതം വെയ‌്ക്കുന്നതിനുള്ള കമ്മിറ്റികളല്ലാതെ നഗരസഭയുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടക്കുന്നില്ല എന്നും കൗൺസിലർമാർ ആരോപിച്ചു.വാർത്താ സമ്മേളനത്തിൽ രാജീവ്‌ പുഷ്പാംഗദൻ, ആർ ഹരി,ഷിംനാസ് കെ കെ, സുമ മോൾ എന്നിവർ പങ്കെടുത്തു.