തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ ജലകാർഷിക ശുചിത്വ മേഖലകൾ 'ഹരിത ദൃഷ്ടി'യിൽ ഉൾപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് മുതൽ 24 വരെ വിവിധ ബ്ലോക്കുകളിൽ നടക്കും. രാവിലെ 9.30 മുതൽ നാല് വരെയാണ് എല്ലായിടത്തും പരിശീലനം നടക്കുക. ഇളംദേശം ബ്ലോക്കിലെ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബ്ലോക്ക് ഓഫീസ് ഹാളിൽ ഇന്ന് രാവിലെ ആരംഭിക്കും. പഞ്ചായത്തുകളിലെ സെക്രട്ടറി, അസി. സെക്രട്ടറി, വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ, കൃഷി ഓഫിസർ, തൊഴിലുറപ്പ് അസി. എൻജിനീയർ/ ഓവർസീയർ, എൽ.എസ്.ജി.ഡി എൻജിനീയർ, ജലസേചന വകുപ്പ് എൻജിനീയർ, മണ്ണ് സംരക്ഷണ ഓഫീസർ/ ഓവർസിയർ എന്നിവർക്കാണ് പരിശീലനം നൽകുന്നത്. ഐ.കെ.എമ്മിലെ ജില്ലാ ടെക്നിക്കൽ ഓഫീസർമാരും പരിശീലനം നേടിയ ഹരിതകേരളം റിസോഴ്സ് പേഴ്സൺമാരുമാണ് ക്ലാസുകളെടുക്കുക. നഗരസഭകളിൽ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ, മുനിസിപ്പൽ എൻജിനീയർ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എൻജിനീയർ, ജലസേചന വകുപ്പ് അസി എൻജിനീയർ, മണ്ണ് സംരക്ഷണ ഓഫീസർ/ ഓവർസീയർ എന്നിവർക്കാണ് പരിശീലനം നൽകുന്നത്. ഓരോ തദ്ദേശഭരണ സ്ഥാപനത്തിലെയും ജലസമ്പത്തും കാർഷികമേഖലയിലെ വളർച്ചയും ശുചിത്വപരിപാലന നേട്ടങ്ങളും ഹരിതദൃഷ്ടിയിലൂടെ ഡിജിറ്റലൈസ് ചെയ്യും. പൊതുവിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമാകുമെന്നത് കൂടാതെ ഈ രംഗത്തെ വളർച്ചയും വികാസവും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും ഉൾപ്പെടുന്ന മോണിറ്ററിംഗ് സംവിധാനമാണ് ഹരിതദൃഷ്ടി.

മറ്റ് ബ്ലോക്കുകളിലെ പരിശീലനം

(തീയതി, ബ്ലോക്ക്, പരിശീലനവേദി എന്നിവ ക്രമത്തിൽ)

നാളെ അടിമാലി ബ്ലോക്ക് ഓഫിസ് ഹാൾ. 16ന് ഇടുക്കി ബ്ലോക്ക് ഹാൾ, തടിയമ്പാട്. 17ന് ദേവികുളം മൂന്നാർ പഞ്ചായത്ത് ഹാൾ, 18ന് അഴുത- കുമളി പഞ്ചായത്ത് ഹാൾ, 19ന് തൊടുപുഴ- ബ്ലോക്ക് ഹാൾ, കോലാനി. 22ന് തൊടുപുഴ കട്ടപ്പന നഗരസഭ തൊടുപുഴ മുനിസിപ്പൽ ഹാൾ, 23ന് നെടുങ്കണ്ടം ബ്ലോക്ക് ഹാൾ, 24ന് കട്ടപ്പന വനിതാ സാംസ്‌കാരിക നിലയം.