ചെറുതോണി: ഇടത് സർക്കാർ ഇടുക്കിയോട് പ്രതികാര മനോഭാവത്തോടെയാണ് ഉത്തരവുകൾ ഇറക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ നയിച്ച കാൽനട ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിക്ക് മാത്രമായി പട്ടയ ഭേദഗതി ആരുടെ ആവശ്യം പരിഗണിച്ചാണെന്നും വ്യക്തമാക്കണം. ഇതിനെതിരെ 21 മുതൽ 25 വരെ ജില്ലയിൽ വാഹന പ്രചരണ ജാഥ നടത്തും. കേന്ദ്ര സർക്കാരും പുതിയ വ്യാപാരകരാറിലൂടെ കാർഷിക മേഖലയുടെ തകർച്ച വിളിച്ചുവരുത്തുകയാണ്. ആർ.സി.ഇ.പി കരാറിൽ നിന്ന് ഇന്ത്യ പിന്മാറണം. ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി പൂർണമായും ഒഴിവാക്കുന്നതിലൂടെ ഇന്ത്യയുടെ ഉദ്പാദനമേഖലകൾ തകരുമെന്നും അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പനയിൽ നിന്ന് ചെറുതോണി വരെ 28 കിലോമീറ്റർ ദൈർഘ്യം വരുന്ന കാൽനട ജാഥയിൽ ഇരുന്നൂറോളം യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ അണിചേർന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗം കെ.ഐ. ആന്റണി, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സ്റ്റിയറിംഗ് കമ്മിറ്റിയംഗം രാരിച്ചൻ നീറണാംകുന്നേൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് തുടങ്ങിയവർ സംസാരിച്ചു.