മറയൂർ: മറയൂരിന് സമീപം അന്തർ സംസ്ഥാനപാതയിൽ വിനോദ സഞ്ചാരികളുടെ വാഹനം ആട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ആട്ടോഡ്രൈവർ വിവേകാനന്ദൻ (23), യാത്രക്കാരനായ പള്ളനാട് സ്വദേശി പ്രിയ(24) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതിന് മറയൂർ- മൂന്നാർ റോഡിൽ മേലാടി ഭാഗത്തായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് മൂന്നാറിലേക്ക് പോയ കാറും പള്ളനാട് നിന്ന് മറയൂരിലേക്ക് വന്ന ആട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ സമീപവാസികൾ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പ്രിയയുടെ പരിക്ക് സാരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉദുമൽപേട്ടയിലേക്ക് കൊണ്ടുപോയി. മറയൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.