maalinyaplant
ഇടുക്കി മെഡിക്കൽ കോളജിന് സമീപം ചോർന്നൊലിക്കുന്ന മാലിന്യപ്ലാന്റ് കാടുകയറിയ നിലയിൽ

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് കാടുകയറി നശിക്കുന്നു. പ്ലാന്റിന് ചോർച്ചയുള്ളതിനാൽ സമീപത്ത് കൂടെ മൂക്കുപൊത്താതെ നടക്കാനാകില്ല. മാലിന്യ പ്ലാന്റിന് വളരെ അടുത്തായി ജില്ലാ പഞ്ചായത്ത് പാവപ്പെട്ടവർക്കായി നിർമ്മിച്ചിട്ടിരിക്കുന്ന നിരവധി ബങ്കുകളുണ്ട്. ഇവിടെ സ്വകാര്യ മെഡിക്കൽ ലാബുകളും ചായക്കടകളുമാണ് പ്രവർത്തിക്കുന്നത്. മാലിന്യ പ്ലാാന്റിന്റെ സമീപത്ത് പ്രവർത്തിക്കുന്ന ലാബുകളിലേക്കും കടകളിലേയ്ക്കും അണുപ്രസരണം ഉണ്ടായാൽ അത് വലിയ ദുരന്തം വരുത്തി വയ്ക്കും. മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് 200അടി ദൂരം മാത്രമാണ് മാലിന്യപ്ലാന്റിലേക്കുള്ള ദൂരം. പ്ലാന്റിൽ നിന്ന് ഒലിച്ചിറങ്ങുന്ന മാലിന്യം സമീപത്ത് കൂടി ഒഴുകുന്ന നീർച്ചാലിലൂടെ ചെറുതോണി പുഴയിലേക്കാണെത്തുന്നത്. മാലിന്യപ്ലാന്റിന് ചോർച്ച സംഭവിക്കുന്ന സാഹചര്യത്തിൽ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. ഇതുവഴിവരുന്ന വെള്ളം, കുടിക്കാനും മറ്റ് നിത്യോപയോഗ ആവശ്യങ്ങൾക്കും നൂറ് കണക്കിനാളുകളാണ് ഉപയോഗിക്കുന്നത്. മാലിന്യപ്ലാന്റിന്റെ നിലവിലുള്ള അവസ്ഥ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അടിയന്തരമായി കാട് വെട്ടിത്തെളിക്കുകയും പ്ലാന്റിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തി അറ്റകുറ്റപ്പണികൾ നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.