തൊടുപുഴ: മദർ മറിയം ത്രേസ്യയോടൊപ്പം കർദിനാൾ ജോൺ ഹെന്റി ന്യൂമാനും വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുമ്പോൾ അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള തൊടുപുഴ ന്യൂമാൻ കോളജും സന്തോഷനിറവിൽ. ലണ്ടൻ ഓക്സ്‌ഫോർഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ, വിദ്യാഭ്യാസ രംഗത്ത് വലിയ പണ്ഡിതനായിരുന്നു. ഇദ്ദേഹത്തിന്റെ നാമധേയത്തിലാണ് ഇടുക്കി ജില്ലയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം കോതമംഗലം രൂപതയുടെ കീഴിൽ തൊടുപുഴയിൽ സ്ഥാപിക്കപ്പെട്ടത്. 1964ൽ ജൂനിയർ കോളേജായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഫാ. ജോൺ വള്ളമറ്റമാണ് കോളേജ് ആരംഭിക്കുന്നതിനു നേതൃത്വം നൽകിയതും കർദിനാൾ ന്യൂമാന്റെ പേര് കോളജിന് നാമകരണം ചെയ്തതും. കർദിനാൾ ന്യൂമാൻ രചിച്ച 'നിത്യമാം പ്രകാശമേ നയിക്കുക എന്നെ നീ... ചുറ്റിലും ഇരുൾ പരന്നീടുന്ന വേളയിൽ....' എന്നു തുടങ്ങുന്ന പ്രാർത്ഥനാ ഗീതമാണ് കോളജിൽ ഇപ്പോഴും ആലപിക്കുന്നത്. വിശുദ്ധനായി കർദിനാൾ ജോൺ ഹെന്റി ന്യൂമാനെ പ്രഖ്യാപിക്കുമ്പോൾ അതു തൊടുപുഴ ന്യൂമാൻ കോളജിനും അഭിമാനമുഹൂർത്തമാകുകയാണ്.

''വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ന്യൂമാന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന കോളേജ് വിദ്യാഭ്യാസ രംഗത്ത് ഇന്നു മികച്ചനിലയിൽ മുന്നേറുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്""

- റവ.ഡോ.ജോർജ് താനത്തുപറമ്പിൽ (രൂപത ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ)