തൊടുപുഴ : റോഡരുകിൽ ഉപേക്ഷിച്ച പാഴ് വസ്തുക്കൾ നീക്കം ചെയ്യാത്ത കെ. എസ്. ഇ. ബി അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം. മുട്ടം മുതൽ തൊടുപുഴ വരെ റോഡരുകിലുള്ള പഴയ വൈദ്യുതി പോസ്റ്റുകളും കേബിളും അടുത്തിടെ പൂർണ്ണമായി മാറ്റി സ്ഥാപിച്ചിരുന്നു. ഇതിനായി മുട്ടം വൈദ്യുതി സബ് സ്റ്റഷനിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങളുടെ പാഴ് വസ്തുക്കളാണ് റോഡിന്റെ ഇരുവശങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്.
മുട്ടം മുതൽ ഒളമറ്റം വരെയുളള റോഡിന്റെ വശങ്ങളിലാണ് ഇതെല്ലാം കൂടുതലായി വാരിക്കൂട്ടിയിട്ടിരിക്കുന്നത്. വഴി യാത്രക്കാർക്ക് ഇത് ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്.
ഇതുവഴിയുള്ള യാത്രക്കാരിൽ അധികവും കാൽനടക്കാരും ടൂ വീലറുകാരുമാണ്. പ്രശ്നം കൂടുതലായി ബാധിക്കുന്നതും ഇവരെത്തന്നെയാണ്.
വലിയ വാഹനങ്ങൾ വരുമ്പോൾ കാൽ നട യാത്രക്കാർക്ക് ഒതുങ്ങിനിൽക്കാൻ പോലും കഴിയാത്ത വിധമാണ് ഇതെല്ലാം കൂട്ടിയിട്ടിരിക്കുന്നത്.
വൈദ്യുതി കേബിൾ ചുറ്റി വന്ന വലിയ ചക്രങ്ങൾ റോഡരുകിൽ തള്ളിയിരിക്കുന്നതാണ് ഏറെ വലിയ പ്രശ്നം. ചില സ്ഥലങ്ങളിൽ ചക്രങ്ങൾ ദ്രവിച്ച് റോഡിലേയ്ക്കും തൊട്ടടുത്ത പറമ്പിലേയ്ക്കും വീണ് കിടപ്പുണ്ട്.
ചക്രത്തിന്റെ പലക ദ്രവിച്ച് ഇരുമ്പ് കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്നതും യാത്രക്കാർക്ക് വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട്.
രാത്രിയിൽ റോഡിൽ വൈദ്യുതി വെളിച്ചം കുറവായതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്.
കോടതിപറഞ്ഞിട്ടും
കേട്ടതായി ഭാവിച്ചില്ല
പരാതി ഉയർന്നതിനെ തുടർന്ന് മലങ്കര പ്രദേശത്തെ റോഡരുകിൽ നിന്ന് പാഴ് വസ്തുക്കൾ പൂർണ്ണമായി നീക്കം ചെയ്‌തെങ്കിലും മുട്ടം പൊലീസ് സ്റ്റേഷൻ, കോടതിക്കവല, കോടതി റോഡ് എന്നിവിടങ്ങളിലെ വലിയ മരചക്രങ്ങൾ
നീക്കം ചെയ്യാൻ കെ. എസ്. ഇ. ബി ഇനിയും തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, സംസ്ഥാന പാതയോരത്താണ് പാഴ്‌വസ്തുക്കൾ തള്ളിയിരിക്കുന്നത് എന്നകാരണത്താൽ പൊതുമരാമത്ത് വകുപ്പിന് പ്രശ്നത്തിൽ ഇടാപെടാമെങ്കിലും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവത്തിലാണ് അവർ. എന്നുമാത്രമല്ല, കോടതി നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ അവഗണിക്കുകയും ചെയ്യുന്നു. മുട്ടം മുതൽ തൊടുപുഴ വരെയുളള പ്രദേശത്ത് വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾ കുറക്കുന്നതിന് ജില്ലാ ജഡ്ജി ചെയർമാനായ ലീഗൽ സർവീസസ് അതോറിട്ടിയും ലോക് അദാലത്ത് കോടതിയും മുന്നോട്ടുവച്ച നിർദ്ദേശങ്ങളെ കെ എസ്.ഇ.ബി യും പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിട്ടിയും അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.