ഇടുക്കി: പട്ടയഭൂമിയിൽ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ഉടമസ്ഥർക്ക് നൽകുന്നതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വനം മന്ത്രി കെ രാജു. ഇത് സംബന്ധിച്ച് വനം, റവന്യൂ വകുപ്പുകൾ ഉന്നതതല ചർച്ചകൾ നടത്തി അനുകൂല തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലാ വനം അദാലത്ത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാപനം വരുന്നതോടെ പട്ടയഭൂമിയിലെ മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പരാതികൾക്കും പരിഹാരമാവും. ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അനുകൂല നിലപാടാണ് വകുപ്പ് സ്വീകരിച്ചു പോരുന്നത്.വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി, മരം മുറിക്കൽ, വന്യ ജീവി ആക്രമണം തുടങ്ങി എല്ലാ വിഷയങ്ങളിലും കർഷകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ എട്ടു വല്ലേജുകൾ ഉൾപ്പെടുന്ന കാർഡമം ഹിൽ റിസർവിൽ വകുപ്പ് അനുകൂല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
മാങ്കുളത്തെ വന്യ ജീവി ശല്യം തടയുന്നതിന് പ്രത്യേക പരിഗണന നൽകും.കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി നാശം സംഭവിക്കുന്ന നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തചര്യത്തിൽ അവയുടെ ശല്യം കൂടുന്ന സാഹചര്യങ്ങളിൽ വെടിവെച്ചു കൊല്ലുന്നതിന് ഡി.എഫ്.ഒ മാർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സർവീസിലെ തോക്ക് ഉപയോഗിക്കാൻ യോഗ്യത ഉളളവർക്ക് നടപടി സ്വീകരിക്കാം. കാട്ടുപന്നി കളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അടിയന്തിര സാഹചര്യങ്ങളിൽ ദ്രുത കർമ്മ സേന റാപിഡ് റസ്‌പോൺസ് ടീമുകൾ രൂപീകരിക്കാൻ ഡി.എഫ്.ഒക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവർക്ക് പുതിയ വാഹനങ്ങളും ആയുധങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
റോഷി അഗസ്റ്റ്യൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ് ബിജമോൾ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കളക്ടർ എച്ച്.ദനേശൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപക് മിശ്ര , പ്രൊജക്ട് ടൈഗർ ഫീൽഡ് ഡയറക്ടർ ജോർജ് പി. മാത്തച്ചൻ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ സന്തോഷ് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു ടി ജോർജ്, ത്രിതല പഞ്ചായത്തംഗങ്ങളായ ലിസമ്മ സാജൻ, ടിന്റു സുഭാഷ്, അമ്മിണി ജോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു ടി ജോർജ്തുടങ്ങിയവർ പങ്കെടുത്തു.
ലഭിച്ചത് 197
പരാതികൾ
അദാലത്തിൽ ലദിച്ച 197 പരാതികളിൽ ഭൂരിഭാഗവും പട്ടയഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ടവയായിരുന്നു ലഭിച്ച പരാതികളിൽ 153 എണ്ണവും വേദിയിൽ തീർപ്പാക്കി ഉത്തരവും നൽകി. ഇതിൽ 103 എണ്ണവും അപേക്ഷകർക്ക് അനുകൂലമായി തീർപ്പാക്കിയപ്പോൾ 33 എണ്ണം നിരസിച്ചു സ്ഥലപരിശോധനയടക്കം നടത്തി നിരസിച്ച കാരണവും അദാലത്തിൽ പരാതിക്കാരെ ബോധ്യപ്പെടുത്തുകയുണ്ടായി.
വിവിധ പരാതികളിലായി 37,12432 രൂപയുടെ നഷ്ടപരിഹാരവും കൈമാറി. ജില്ലയിലെ 13 ഇ.ഡി.സി കൾക്ക് 10.9 ലക്ഷം രൂപ ധനസഹായവും നൽകി. 47 പരാതികളടക്കം തുടർനടപടികൾ വേണ്ട പരാതികളിൽ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയിക്കും.
പ്രതിരോധ പ്രവർത്തനങ്ങൾക്ക്
1.70 കോടി
മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഈ വർഷം 1.70 കോടിയുടെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കും. പുതുതായി 80 ലക്ഷം രൂപ ചെലവിൽ 40 കി.മി സൗരോർജ്ജ വേലിയും 15 ലക്ഷം രൂപ ചെലവിൽ 1.5 കി.മി കയ്യാലയും 19 ലക്ഷത്തിന്റെ 1.7 കി മി ട്രഞ്ചും നിർമ്മിക്കും. സൗരോർജ വേലി സംരക്ഷണത്തിന് 27 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുന്നതിന് 29.5 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ടെന്നും നിർമ്മാണം പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.
.
1. അദാലത്തിൽ തീർപ്പാക്കിയ പരാതികളുടെ ഉത്തരവ് മന്ത്രി കെ രാജു പരാതിക്കാരന് കൈമാറുന്നു.
2. വനം അദാലത്തിൽ പങ്കെടുത്തവർ