uppukunnu-road

തൊടുപുഴ: സാദാ മലമ്പാതയൊന്നുമല്ല,​ നിർദിഷ്ട മൂവാറ്റുപുഴ- തേനി സംസ്ഥാന പാതയാണ്. തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്ക് ഏറ്റവും എളുപ്പമെത്താവുന്ന റോഡ്. ഇതെല്ലാം കേട്ട് ഇടുക്കിയ്ക്ക് ഇതുവഴി പോയാലോ... തൊടുപുഴയിൽ നിന്ന് ചീനിക്കുഴി വരെ നല്ല ഒന്നാന്തരം റബറൈസ്‌ഡ് റോഡാണ്. പക്ഷേ, ചീനിക്കുഴി പാറക്കവല കഴിഞ്ഞാൽ പിന്നെ സംസ്ഥാന പാത ഒരു ദേശീയ ദുരന്തമായി മാറും. പിന്നീടങ്ങോട് ഓരോ അടിയും പിന്നിടാൻ ഓരോ മണിക്കൂർ സമയം വേണം. പലയിടത്തും റോഡിന്റെ സ്ഥാനത്ത് മണ്ണും കല്ലും നിറഞ്ഞ് വലിയ കുണ്ടും കുഴിയും മാത്രമാണുള്ളത്. പാറമട വരെ അതിദാരുണമാണ് സ്ഥിതി. കഴിഞ്ഞ രണ്ട് പ്രളയങ്ങളാണ് സംസ്ഥാന പാതയെ ഈ വിധത്തിലാക്കിയത്.

ചീനിക്കുഴി, സെറ്റിൽമെന്റ് മേഖലകളായ മലയിഞ്ചി, ഉപ്പുകുന്ന് ഭാഗത്ത് നിന്നുള്ള ജനങ്ങൾക്ക് തൊടുപുഴയിലേക്കും ജില്ലാ ആസ്ഥാനത്തേക്കുമുള്ള ഏക യാത്രാ മാർഗമാണ് ഈ റോഡ്. പെരിങ്ങാശേരിയിലെ സ്കൂളിലേക്കടക്കം വരുന്ന വിദ്യാർത്ഥികളടക്കം കഷ്ടപ്പെടുകയാണ്. ഉപ്പുകുന്ന് മുതൽ പാറമട വരെയുള്ള ഭാഗം പി.ഡബ്ല്യു.ഡി ഇടുക്കി ഡിവിഷന്റെ കീഴിലാണ്. എന്നാൽ ഉടൻ നന്നാക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

15 കിലോമീറ്റർ കഠിനം, കഠിനം

വശങ്ങളെല്ലാം നേരത്തെ തകർന്ന് കുണ്ടും കുഴിയുമായിരുന്ന റോഡിൽ പ്രളയത്തിന് ശേഷം വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. പലയിടത്തും ടാറിംഗ് പൂർണമായും ഒലിച്ചുപോയ നിലയിലാണ്. വാഹനങ്ങൾ കടന്നുപോകാത്ത വിധം വലിയ കുഴികൾ നിറഞ്ഞിരിക്കുകയാണ്. കാറുകളടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി പോകുന്ന സ്ഥിതിയുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തള്ളിനീക്കിയാണ് ഈ ദുർഘടപാത മറികടക്കുന്നത്. ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നതും പതിവാണ്.

ബസുകൾ വാഴാത്ത റോഡ്

തൊടുപുഴയിൽ നിന്ന് നാല് കെ.എസ്.ആർ.ടി.സി ബസും ഒരു സ്വകാര്യ ബസും പെരിങ്ങാശേരി, ഉപ്പുകുന്ന് വഴി ഇടുക്കിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. നേരത്തെ എട്ട് ബസുകൾ വരെ ഓടിയിരുന്ന പാതയാണിത്. ഗതാഗത യോഗ്യമല്ലാത്തവിധം റോഡ് തകർന്നതോടെയാണ് ബസുകളെല്ലാം സർവീസ് നിർത്തിയത്. രോഗിയെ കൊണ്ടു പോകാൻ വാഹനം വിളിച്ചാൽ പോലും ഇവിടേക്ക് ആരും വരാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.