കാഞ്ഞാർ: കുടയത്തൂർ ഗവ. ന്യൂ എൽ പി സ്കൂളിന് സമീപം മലങ്കര ജലാശയത്തോട് ചേർന്ന് മാലിന്യം തള്ളി.ഞായറാഴ്ച രാത്രിയിലാണ് മാലിന്യം തള്ളിയതെന്ന് കരുതുന്നു.ഭക്ഷണ അവശിഷ്ടങ്ങളും പഴകിയ വസ്തുക്കളുമാണ് ചാക്കിൽ കെട്ടി തളളിയിട്ടുള്ളത്. ഇതിന് സമീപത്തായി ടൈൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വെയ്സ്റ്റും ഇട്ടിട്ടുണ്ട്. എൽ പി സ്കൂളിനോട് വളരെ ചേർന്നാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയത്. മൂന്ന് മാസം മുമ്പ് ഇതേ സ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയിരുന്നു.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശം വിജനമായതിനാൽ സുരക്ഷിതമായി മാലിന്യം തള്ളാനുള്ള സ്ഥലമായിട്ടാണ് പലരും ഇവിടം കാണുന്നത്. മാലിന്യം തള്ളിയതിനെതിരെ പ്രദേശവാസികൾ പഞ്ചായത്തിലും കാഞ്ഞാർ പൊലീസിലും പരാതി നൽകി.