ഇടുക്കി: ഭൂവിനിയോഗ ഉത്തരവിലും കെട്ടിട നിർമ്മാണ നിയന്ത്രണ ഉത്തരവിലും മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായും എൽ.ഡി.എഫ് ജില്ലാകൺവീനർ കെ.കെ. ശിവരാമനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ജില്ലയിലെ രാഷ്ട്രീയ നേതൃത്വം ഉത്തരവിലെ അപാകതകളും കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ നിലവിലെ ഉത്തരവുകളിൽ ഉടൻ മാറ്റം ഉണ്ടാകും. കോൺഗ്രസും യു.ഡി.എഫും ഇപ്പോൾ നടത്തുന്ന സമരങ്ങൾ ആത്മാർത്ഥത ഇല്ലാത്തതാണെന്നും എക്കാലവും കർഷകർക്കെതിരായ നിലപാടുകളാണ് അവർ സ്വീകരിച്ചിട്ടുള്ളതെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം മുതൽ പി.ടി തോമസ് വരെയുള്ള കോൺഗ്രസിലെ ഒരു വിഭാഗം ഇടുക്കിയിലെ ഭൂമിക്ക് മേൽ നിർമ്മാണ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ഗൂഢ നീക്കങ്ങൾ നടത്തിയിട്ടുള്ളത്.കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും എല്ലാം ഇതേ അഭിപ്രായക്കാരാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് യു.ഡി.എഫ് നടത്തിയ സമരത്തിൽ വരാതിരുന്നത്. കർഷകർക്കെതിരായ ഭൂവിനിയോഗ ഉത്തരവ് മാറ്റുന്ന കാര്യത്തിൽ ജില്ലയിലെ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും കെ.കെ. ജയചന്ദ്രനും കെ.കെ. ശിവരാമനും പറഞ്ഞു.