koodathayi

കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കുടുംബാംഗങ്ങളെയും വിവാദ ജ്യോത്സ്യനെയും കട്ടപ്പനയിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. കട്ടപ്പന വലിയക്കണ്ടത്തുള്ള ജോളിയുടെ ഇപ്പോഴത്തെ തറവാട്ടു വീട്ടിലാണ് സി.ഐ ബിനീഷ് കുമാർ, എസ്.ഐ ജീവൻ ജോർജ് എന്നിവരടങ്ങിയ സംഘം ആദ്യമെത്തിയത്. ജോളിയുടെ മാതാപിതാക്കളും ഒരു സഹോദരിയും താമസിക്കുന്ന ഇവിടേക്ക് മറ്റ് സഹോദരങ്ങളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി. ജോളിയുടെ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ കുടുംബം ഇടപെട്ടത് എങ്ങനെയെന്നും കൊലപാതകങ്ങളിൽ എന്തെങ്കിലും സംശയങ്ങളുണ്ടായിരുന്നോ എന്നും ചോദിച്ചറിഞ്ഞു.

കഴിഞ്ഞ തിരുവോണദിവസമാണ് ജോളി അവസാനമായി കട്ടപ്പനയിലെത്തിയതെന്ന് പിതാവ് ജോസഫ് പറഞ്ഞു. രണ്ട് ദിവസം തങ്ങിയ ശേഷം പതിവുപോലെ അന്നും പണം വാങ്ങിയാണ് മടങ്ങിയത്. പിന്നീട് ജോളി ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസണെ കാണാൻ കോയമ്പത്തൂരിലേക്കാണ് പോയതെന്ന് അന്വേഷണസംഘം കണ്ടെത്തി. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്ത്തർക്കത്തെത്തുടർന്ന് ജോളിയുടെ സഹോദരൻ നോബി പൊന്നാമറ്റം വീട്ടിലെത്തിയതിനെക്കുറിച്ചും അന്വേഷണസംഘം വിശദമായി ചോദിച്ചറിഞ്ഞു. കട്ടപ്പന വില്ലേജ് ഓഫീസർ, കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കുടുംബാംഗങ്ങളെ ചോദ്യം ചെയ്തത്.

ഇതിന് ശേഷം പുട്ടിസാമിയെന്നറിയപ്പെടുന്ന വിവാദ ജ്യോത്സ്യൻ കൃഷ്ണകുമാറിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. റോയിയുടെ മരണത്തിന് മുമ്പ് ജോളിക്കൊപ്പം ഈ ജ്യോത്സ്യനെ വന്നുകണ്ടെന്നാണ് കരുതുന്നത്. ജ്യോത്സ്യൻ പൂജിച്ച തകിട് റോയിയുടെ ദേഹത്ത് മരണസമയത്തുണ്ടായിരുന്നു. എന്നാൽ ജോളിയും റോയിയും തന്നെ സമീപിച്ചതായി ഓർക്കുന്നില്ലെന്ന് ജ്യോത്സ്യൻ മൊഴി നൽകി. താൻ നൽകിയ തകിട് തന്നെയാണോ റോയിയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയതെന്ന് നേരിട്ട് കണ്ടാലേ പറയാനാകൂവെന്നും ജ്യോത്സ്യൻ പറഞ്ഞു. ജോളി പ്രീഡിഗ്രിക്ക് പഠിച്ച നെടുങ്കണ്ടം എം.ഇ.എസ് കോളേജിലെത്തിയ അന്വേഷണ സംഘം ജോളിയുടെ പഠന കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.