കുപ്പിയും ചിരട്ടയുമൊക്കെ റോയൽ പാപ്പച്ചന്റെ കരവിരുതിൽ മനോഹരമായ കരകൗശല വസ്തുക്കളായി മാറും.
രാജകുമാരി: പാഴ്‌വസ്തുക്കളായി മുദ്രകുത്തപ്പെട്ട ചിലതൊക്കെ പാപ്പച്ചന്റെ കൈകളിലെത്തുമ്പോൾ മനോഹരമായ അലങ്കാരവസ്തുക്കളാകും. പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ കരകൗശല വസ്തുകൾ നിർമ്മിച്ച് ശ്രദ്ധ്യേയനാവുകയാണ് രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി റോയൽ പാപ്പച്ചൻ. വ്യത്യസ്ഥമായി പാളകൊണ്ട് നിർമ്മിക്കുന്ന പൂക്കളും മറ്റ് വസ്തുക്കളുമാണ് ഏറെ ആകർഷണം.
വീട്ടിലും തൊടിയിലും ഉപയോഗശൂന്യമായി വലിച്ചെറിയപ്പെടുന്ന കുപ്പിയും ചിരട്ടയുമൊക്കെ റോയൽ പാപ്പച്ചന്റെ കരവിരുതിൽ മനോഹരമായ കരകൗശല വസ്തുക്കളായി മാറും. പാളകൊണ്ട് നിർമ്മിക്കുന്ന മനോഹരമായ വസ്തുക്കളാണ് ഏറെ വ്യത്യസ്ഥവും ആകർണനീയവും. ഇതോടൊപ്പം തന്നെ പേപ്പർ, ചിരട്ട, തടി, ഉപയോഗശൂന്യമായ കുപ്പി, ഈർക്കിലി, ഈറ്റ, മുള എന്നിവ ഉപയോഗിച്ചും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള നിരവധി കരകൗശല വസ്തുക്കളാണ് ഇദ്ദേഹം നിർമ്മിച്ചിട്ടുള്ളത്. അയൽപക്കക്കാരായ കുടുംബശ്രീ പ്രവർത്തകർ പേപ്പർ കൊണ്ട് ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നത് കണ്ടാണ് റോയൽ പാപ്പച്ചൻ കരകൗശല വസ്തുക്കളുടെ നിർമ്മാണം ആരംഭിച്ചത്. സ്റ്റുഡിയോ ഉടമകൂടിയായ ഇദ്ദേഹം ഒഴിവു സമയങ്ങളിലാണ് ഇവയുടെ നിർമ്മാണം നടത്തുന്നത്. നിലവിൽ മേഖലയിൽ വിനോദ സഞ്ചാരികളടക്കം എത്തി തുടങ്ങിയതോടെ തന്റെ കരകൗശല വസ്തുക്കൾ വിറ്റഴിക്കുന്നതിന് വിപണി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റോയൽ പാപ്പച്ചൻ.