ചെറുതോണി: ജില്ലാ ആസ്ഥാനത്തെ പെട്രോൾ പമ്പിനെതിരെ വ്യാപാരികളുടെ മിന്നൽ സമരം. നാലു ദിവസമായി ഇന്ധനമില്ലാതെ പെട്രോൾ പമ്പ് അടച്ചിട്ട സാഹചര്യത്തിലാണ് വ്യാപാരികൾ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജിനടുത്തുള്ള ഏക പെട്രോൾ പമ്പിൽ ഇന്ധനമില്ലാതെ വന്നത് രോഗികളെ വല്ലാതെ വലച്ചിരുന്നു. മരണാസന്നരായ രോഗികളുമായി എത്തിയ ആംബുലൻസുകൾ പോലും ഇന്ധനം ലഭിക്കാതെ പ്രതിസന്ധിയിലായി. ജില്ലാ ആസ്ഥാനത്തെ സർക്കാർ വാഹനങ്ങളും ഇന്ധന ദൗർലഭ്യത്തേതുടർന്ന് ബുദ്ധിമുട്ടിലായി. വ്യാപാര മേഖലയും നിശ്ചലമായ തോടെയാണ് മിന്നൽ സമരത്തിന് മുന്നിട്ടിറങ്ങിയത്. പമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ മാനേജ്‌മെന്റും ജില്ലാ സപ്ലെ ഓഫീസറും തയ്യാറാകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതിയും ഏകോപന സമിതിയും സംയുക്തമായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമിതി പ്രസിഡന്റ് സാജൻ കുന്നേൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഇരു സംഘടനകളുടേയും വ്യാപാരി നേതാക്കളായ ജോസ് കുഴികണ്ടം ബാബു ജോസഫ് കെറ്റി മർക്കോസ് എൻ ജെ വർഗീസ് സുരേഷ് മീനത്തേരിൽ റെജി വാതല്ലൂർ എന്നിവർ പ്രസംഗിച്ചു.