ചെറുതോണി: ചെറുതോണി പാറമട റോഡ് ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ചെറുതോണി വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജൻ കുന്നേൽ ജനറൽ സെക്രട്ടറി സജി തടത്തിൽ എന്നിവർ ആവശ്യപ്പെട്ടു. എട്ട് മാസം മുമ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ റോഡ് നിർമ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. 12 കോടിരൂപയാണ് സംസ്ഥാന സർക്കാർ ഈ റോഡിനായി അനുവദിച്ചിട്ടുള്ളത്. ചെറുതോണി മുതൽ കുളമാവ് പാറമട വരെ ബി.എം ബി.സി ടാറിംഗ് നടത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. പ്രളയത്തിൽ തകർന്ന റോഡ് നൂതന സാങ്കേതിക വിദ്യയിലൂടെ പുനർനിർമ്മിക്കാനുള്ള സർക്കാർ തീരുമാനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലന്നും പൊതുമരാമത്ത് ഉദ്ദ്യോഗസ്ഥർ കരാറുകാരനെകൊണ്ട് ജോലിചെയ്യിപ്പിക്കാൻ തയ്യാറാകണമെന്നും ഭാരവാഹികളാവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനവും മെഡിക്കൽ കോളേജും കളക്ട്രേറ്റും ഉൾപ്പെടുന്ന ഈ റോഡിന്റെ നിർമ്മാണം വൈകിപ്പിച്ചാൽ വ്യാപാരികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും സമിതി നേതാക്കൾ പറഞ്ഞു.