വെള്ളത്തൂവൽ: ആനവിരട്ടി പാടശേഖര സമിതിക്ക് കൃഷിവകുപ്പിന്റെയും വെള്ളത്തൂവൽ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പുതിയ ഉഴവ് യന്ത്രം കൈമാറി.ദേവികുളം താലൂക്കിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ ആനവിരട്ടിയിലെ കർഷകരുടെ കൃഷിക്ക് കരുത്ത് പകരാൻ ലക്ഷ്യമിട്ടാണ് പുതിയ ഉഴവ് യന്ത്രം കൈമാറിയിട്ടുള്ളത്. മുമ്പുണ്ടായിരുന്ന ഉഴവുയന്ത്രം സ്ഥിരമായി പണിമുടക്കുകയും കർഷകരുടെ ഭാഗത്തു നിന്നും വലിയ പരാതി ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ പാടശേഖര സമിതിക്ക് പുതിയ യന്ത്രം എത്തിച്ച് നൽകിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സന്തോഷ് പുതിയ ഉഴവുയന്ത്രം ഉദ്ഘാടനം ചെയ്തു. പത്ത് ഹെക്ടറോളമായാണ് ആനവിരട്ടി പാടശേഖരം വ്യാപിച്ച് കിടക്കുന്നത്. ഉഴവുയന്ത്രം എത്തിക്കാൻ 1,50,000 രൂപ പഞ്ചായത്ത് വകയിരുത്തിയപ്പോൾ 18,000 രൂപ ഗുണഭോക്താക്കൾ കണ്ടെത്തി നൽകി. ആനവിരട്ടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്തംഗം ആനീസ് ബേബി അദ്ധ്യക്ഷത വഹിച്ചു. വെള്ളത്തൂവൽ കൃഷി ഓഫീസർ ജയന്തി ജെ, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തംഗങ്ങൾ, പാടശേഖര സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സന്തോഷ് ഉഴവുയന്ത്രം ഉദ്ഘാടനം ചെയ്യുന്നു