തൊടുപുഴ: നഗരസഭാ ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് യു.ഡി.എഫ് കൗൺസിലർമാർ രംഗത്ത്. പ്രതിപക്ഷ ആരോപണങ്ങൾ വാസ്തവ വിരുദ്ധവും യുക്തിക്കു നിരക്കാത്തതുമാണെന്ന് ചെയർപേഴ്‌സൺ ജെസി ആന്റണി വാർത്താസമ്മേളത്തിൽ പറഞ്ഞു. എം.എൽ.എ യു.ഡി.എഫിന്റെയായതിനാൽ തൊടുപുഴയിലെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്ത ഇടതു സർക്കാരിന് എതിരെയുള്ള ജനരോക്ഷം ഭയന്നാണ് എൽ.ഡി.എഫ് വ്യാജപ്രചരണവുമായി രംഗത്തു വന്നിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പണി പൂർത്തീകരിക്കാനോ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിന്റെ മെയിന്റനൻസ് നടത്താനോ മാരിയിൽകലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കാനോ പ്രളയത്തിൽ ഒലിച്ചുപോയ ഒളമറ്റം തെക്കുംഭാഗം തൂക്കുപാലം പുനർനിർമ്മിക്കാനോ ഇതുവരെ സർക്കാർ ഒന്നും ചെയ്തിട്ടില്ല. ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ യു.ഡി.എഫിനും അഞ്ചു സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ഒന്നൊഴികെ നാലെണ്ണവും ബി.ജെ.പി സഹായത്തോടെ എൽ.ഡി.എഫിനാണ് ലഭിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട നാലു സ്റ്റാൻഡിംഗ് കമ്മിറ്റികളായ ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം ഇവയുടെ ചെയർമാന്മാർ എൽ.ഡി.എഫ് പ്രതിനിധികളാണ്. ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങൾ എന്താണെന്നു പോലും അറിയാതെ നഗരസഭയിൽ നടക്കാത്ത വികസന പ്രവർത്തനങ്ങൾ ചെയർപേഴ്‌സന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനുമാണ് ഇവർ ശ്രമിക്കുന്നത്. കഴിഞ്ഞ നാലു വർഷങ്ങളിലായി ഓരോ വാർഡിലേക്കും 75 ലക്ഷം രൂപ വീതം വിവിധ വികസന പ്രവർത്തനങ്ങൾക്ക് നൽകിയിട്ടുള്ള കേരളത്തിലെ ഏക നഗരസഭയാണ് തൊടുപുഴ. വാർഡുകളിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി 26.25 കോടിയാണ് നഗരസഭ ചെലവഴിച്ചിട്ടുള്ളത്. ഇത്തരത്തിൽ വികസനോത്മുഖമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണസമിതിയെ അട്ടിമറിക്കുന്നതിനും ഭരണ സ്തംഭനം സൃഷ്ടിക്കുന്നതിനും എൽ.ഡി.എഫ് നടത്തുന്ന വ്യാജ പ്രചരണങ്ങളെ ജനം തിരിച്ചറിയുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദ്, കൗൺസിലർമാരായ എ.എം. ഹാരിദ്, ടി.കെ. സുധാകരൻ നായർ, ജെസി ജോണി എന്നിവരും പങ്കെടുത്തു.
പ്രധാന പ്രത്യാരോപണങ്ങൾ
ടൗൺ ഹാൾ ലിഫ്‌റ്റ്, ബസ് സ്റ്റാൻഡിലെ ഫീഡിംഗ് റൂം, മുനിസിപ്പൽ ഓഫീസിലെ കോൺഫറൻസ് ഹാൾ തുടങ്ങിയ പദ്ധതികൾ തുറന്നു കൊടുക്കാനിരിക്കെ തങ്ങൾ സമരം ചെയ്തതുമൂലമാണ് പണി പൂർത്തീകരിച്ചതെന്നു വരുത്തി തീർക്കാൻ വേണ്ടിയാണ് എൽ.ഡി.എഫ് നഗരസഭാ ഓഫീസിനു മുന്നിൽ സായാഹ്നധർണ നടത്തിയത്.
നഗരസഭാ പാർക്കിൽ കേടുവന്ന കളിഉപകരണങ്ങളും ലൈറ്റുകളും നന്നാക്കുന്നതിനായി വകയിരുത്തിയ 13 ലക്ഷം രൂപ കൗൺസിൽ തീരുമാനമില്ലാതെ ആംഫി തീയറ്റർ എന്ന പദ്ധതിയിലേക്ക് മിനി മധു ചെയർപേഴ്‌സണായിരിക്കെ വക മാറ്റി ചിലവഴിച്ചതുകൊണ്ടാണ് പാർക്കിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിയത്.
ആധുനിക അറവു ശാല നിർമിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ടെണ്ടർ രണ്ടാംവട്ടവും ക്ഷണിച്ചിട്ടുള്ളതാണെന്ന വിവരം എൽ.ഡി.എഫ് മറച്ചു വച്ചു.
11 കോടിയുടെ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ടെണ്ടർ നടപടികൾ യു.ഡി.എഫ് ചെയർമാന്റെ കാലത്ത് പൂർത്തീകരിച്ചിട്ടുള്ളതാണ്. എന്നാൽ ജൂൺ 18ന് നറുക്കെടുപ്പിലൂടെ അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം ലജ്ജാകരമാണ്.
സി.പി.എം അംഗം ബങ്ക് കൈവശപ്പെടുത്തിയെന്ന്
സി.പി.എം അംഗം നഗരസഭയുടെ ബങ്ക് കൈവശപ്പെടുത്തി വാടകയ്ക്കു മറിച്ചു കൊടുത്ത് ലാഭം നേടുകയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.എം. ഹാരിദ് ആരോപിച്ചു. മാസം 334 രൂപ നഗരസഭയിലടയ്ക്കുന്ന ബങ്ക് ദിനംപ്രതി 300 രൂപയ്ക്ക് വാടകയ്ക്കു നൽകിയിരിക്കുകയാണ് ഇദ്ദേഹം. നഗരസഭ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭിന്നശേഷിക്കാർക്കും മറ്റും നൽകാനുള്ള ബങ്കാണ് ഇദ്ദേഹം കൈവശപ്പെടുത്തിയിരിക്കുന്നത്. ധാർമികതയുണ്ടെങ്കിൽ ബങ്ക് വിട്ടു നൽകാൻ സി.പി.എം അംഗം തയ്യാറാകണം. അല്ലാത്ത പക്ഷം നടപടിയെടുക്കണമെന്ന് മുനിസിപ്പൽ അധികൃതരോട് ആവശ്യപ്പെടുമെന്നും ഹാരിദ് പറഞ്ഞു.