തൊടുപുഴ: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 25 കിലോ നിരോധിത പ്ലാസ്റ്റിക്കുകളും പിടികൂടി. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണവും പ്ലാസ്റ്റിക്കും പിടികൂടിയത്. നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടുന്നതിന്റെ ഭാഗമായാണ് അധികൃതർ ചൊവ്വാഴ്ച വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തിയത്. പ്രൈവറ്റ് സ്റ്റാർഡിന് സമീപത്തെ ഗ്രീൻപാർക്ക് എന്ന ഹോട്ടൽ ഏറ്റവും മോശമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവിടെ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ചുട്ടുമടക്കിവെച്ചിരിക്കുന്ന മസാല ദോശ പിടിച്ചെടുത്തു. കുര്യാസ് ബേക്കറിയിൽ നിന്ന് കാലാവധി കഴിഞ്ഞ 70 പാക്കറ്റ് പാൽ കണ്ടെത്തി. പ്രദേശത്തെ ഫ്രൂട്‌സ് കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ മുന്തിരിയടക്കമുള്ള പഴങ്ങൾ ജ്യൂസടിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തി. സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കിയതായും തുടർ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. തൊടുപുഴ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രവീൺ എസ്. തൗഫീഖ് ഇസ്മായീൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഖില ശങ്കർ, അശ്വതി കെ. ജോയിസ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.