തൊടുപുഴ: യഥാസമയം ചെയ്യേണ്ടത് ചെയ്താൽ പല ആപത്തുകളും അപകടങ്ങളും ഒഴിവാക്കാനാകുമെന്ന് തൊടുപുഴ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി പറഞ്ഞു. കേരളകൗമുദിയും ഫയർ ആന്റ് റെസ്ക്യൂ തൊടുപുഴ യൂണിറ്റും സംയുക്തമായി ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അഗ്നിസുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ. ഒന്ന് ഗ്യാസ് ലീക്ക് ചെയ്താലോ തീപിടുത്തമുണ്ടായാലോ അല്ലെങ്കിൽ ഒരാൾ വെള്ലത്തിൽ വീണാലോ അപകടത്തിൽപ്പെട്ടാലോ എന്താണ് ചെയ്യേണ്ടതെന്ന് അറിഞ്ഞാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ സാധിക്കും. അതിന് നിങ്ങൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് കേരളകൗമുദിയും ഫയർ ആന്റ് റെസ്ക്യൂ സർവീസും. ഓരോ അറിവും ഇന്നത്തേക്ക് മാത്രമുള്ളതല്ല. ഈ സെമിനാറിലെ വിവരങ്ങൾ ശ്രദ്ധിച്ച് കേട്ട് മനസിലാക്കിയാൽ അത് നിങ്ങളുടെ ജീവിതത്തിൽ എക്കാലവും ഗുണം ചെയ്യും. ഇത്തരം സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ കേരളകൗമുദിയുടെ പ്രവർത്തനത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായും ജെസി ആന്റണി പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ യു.എൻ. പ്രകാശ് അദ്ധ്യക്ഷനായിരുന്നു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.
ഫയർ ആന്റ് റെസ്ക്യൂ തൊടുപുഴ അസി. സ്റ്റേഷൻ ഓഫീസർ ടി.ഡി. രാജൻ, പി.ടി.എ പ്രസിഡന്റ് കെ.കെ. നിഷാദ്, ഫയർമാൻ എം.വി. മനോജ് ബോധവത്കരണ സെമിനാർ നയിച്ചു. കേരളകൗമുദി ജില്ലാ ലേഖകൻ അഖിൽ സഹായി സ്വാഗതവും സ്കൂൾ ലീഡർ അജിനു ഷൗക്കത്ത് നന്ദിയും പറഞ്ഞു.