തൊടുപുഴ: ''24 മണിക്കൂറും കാവലുള്ള ഒരു ഫോൺ എല്ലാ ഫയർ ആന്റ് റെസ്ക്യൂ യൂണിറ്റിലുമുണ്ട്. 101 ആണ് അതിന്റെ നമ്പറെന്ന് എല്ലാവർക്കുമറിയാം. വിളിച്ചാൽ ഒന്നടിച്ച് രണ്ടാമത്തെ ബെല്ലിന് ഫോണെടുത്തിരിക്കും. തീപിടുത്തമുണ്ടായാൽ പരിഭ്രാന്തിയിലാകാതെ 101ൽ വിളിച്ച് പേരും മേൽവിലാസവും കൃത്യമായി പറഞ്ഞാൽ ഒരു മിനിട്ടിൽ ഒരു കിലോമീറ്ററെന്ന വേഗതയിൽ ഫയർഫോഴ്സ് വാഹനം സംഭവസ്ഥലത്തെത്തും"- അഗ്നി സുരക്ഷാ ബോധവത്കരണ സെമിനാർ നയിച്ചുകൊണ്ട് ഫയർമാൻ എം.വി. മനോജ് പറഞ്ഞു. ഫയർഫോഴ്സ് വാഹനത്തിന്റെ ശബ്ദം ദൂരെ നിന്ന് കേട്ടാൽ എല്ലാവരും വഴിമാറി നൽകണം. അപകടത്തിൽ വണ്ടിയ്ക്കടിയിൽ ആളകപ്പെട്ടാലും ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങിയാലും രക്ഷപ്പെടുത്താനുള്ള സംവിധാനം ഫയർഫോഴ്സിനുണ്ട്. ഒരാൾ പൊട്ടകിണറിൽ വീണാലും ശുദ്ധവായു വിതരണം ചെയ്ത് ആളെ രക്ഷപ്പെടുത്താൻ ഫയർഫോഴ്സിനാകും. ഫയർ ആന്റ് റെസ്ക്യൂവിന്റെ സേവനങ്ങൾക്ക് പണം നൽകേണ്ടതില്ല. വ്യത്യസ്ത മേഖലയിൽ തീ പിടിത്തമുണ്ടായാൽ അണയ്ക്കാനുള്ള വിവിധ മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു. ചുരുങ്ങിയ സമയത്തിനകം സരസമായ ഭാഷയിൽ അഗ്നിസുരക്ഷയെക്കുറിച്ചും ഫയർ ആന്റ് റെസ്ക്യൂവിന്റെ ദൗത്യങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾ പുത്തൻ അറിവുകൾ പകർന്ന് നൽകി.