തൊടുപുഴ: സാധാരണ കർഷകർക്ക് കൃഷിഭവൻ വഴിയും വിവിധ ബാങ്കുകൾ വഴിയും ലഭ്യമാകുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള ചർച്ചാക്ലാസ് മുതലക്കോടം സെന്റ് ജോർജ് പാരീഷ്ഹാളിൽ നടന്നു. നെൽകൃഷി, ജൈവപച്ചക്കറി, വാഴ, തെങ്ങ് തുടങ്ങിയ കൃഷികൾക്ക് കൃഷിഭവനിൽ നിന്ന് നൽകുന്ന സഹായങ്ങളെക്കുറിച്ച് കൃഷി ഓഫീസർ തോംസൺ ജോഷ്വാ ക്ലാസ് നയിച്ചു. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലഭ്യമാകുന്ന വായ്പകളെക്കുറിച്ച് എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ സുനിൽ തോമസ് ക്ലാസെടുത്തു. തൊടുപുഴ കൃഷിഭവൻ വികസന സമിതിയംഗം ജോസ് കിഴക്കേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ മുനിസിപ്പൽ കൗൺസിലർ കെ.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് അടപ്പൂർ, ഗാന്ധിദർശൻവേദി ജില്ലാ ചെയർമാൻ ആൽബർട്ട് ജോസ്, ടി.ജെ പീറ്റർ, കെ. ശ്രീകുമാർ, ജൂണി ജോസ് എന്നിവർ സംസാരിച്ചു.