തൊടുപുഴ: കാൽനട യാത്ര പോലും ദുഷ്‌കരമായ ചീനിക്കുഴി ഉപ്പുകുന്ന് പാറമട റോഡിനു ശാപമോക്ഷമാകുന്നു. ഉപ്പുകുന്ന് പാറമട റോഡ് നിർമാണത്തിനായി രണ്ടു കോടി അനുവദിക്കാമെന്ന് പി.ജെ.ജോസഫ് എംഎൽഎ സർവ കക്ഷി നിവേദക സംഘത്തിന് ഉറപ്പു നൽകി. പൂർണമായി തകർന്നു കിടക്കുന്ന ഉപ്പുകുന്ന് മുതൽ ചീനിക്കുഴി വരെ റോഡിൽ മക്ക് നിരത്തി താത്കാലികമായി കുഴിയടയ്ക്കൽ നടത്താമെന്ന് പൊതുമരാമത്ത് വകുപ്പും അറിയിച്ചു. റോഡ് തകർന്നതിനെ തുടർന്ന് ഇതു വഴിയുള്ള ബസ് സർവീസ് ഉൾപ്പെടെ നിലയ്ക്കുന്ന അവസ്ഥയായതിനാലാണ് പിഡബ്ല്യുഡി താത്കാലികമായി കുഴിയടയ്ക്കൽ മാത്രമാണ് നടത്തുന്നത്. റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ഈ മേഖലയിലെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചീനിക്കുഴിയിൽ വിവിധ സംഘടനാ നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ യോഗം ചേർന്നതിനു ശേഷമാണ് എംഎൽഎ ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് റോഡിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തിയത്.