തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ 19ന് ചെറുതോണിയിൽ സത്യാഗ്രഹമിരിക്കും. സംസ്ഥാന സർക്കാർ ഉത്തരവിലൂടെ ഏർപ്പെടുത്തിയ നിർമ്മാണ നിരോധനം പിൻവലിക്കുക, 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുക, ആർ.സി.ഇ.പി കരാറിൽ നിന്ന് ഇന്ത്യ പിന്മാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് പി.ജെ. ജോസഫ് തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പട്ടയമുള്ള ഭൂമി വീടു വയ്ക്കുന്നതിനും കൃഷിയ്ക്കും മാത്രമേ ഉപയോഗിക്കാവൂ എന്നുള്ള ഉത്തരവും അത്യന്തം പ്രതിഷേധാർഹവും ഹൈറേഞ്ചിൽ അധിവസിക്കുന്നവരെ പരോക്ഷമായി കുടിയിറക്കുന്നതിന് തുല്യവുമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവിടെ ആർക്കും ഭാവിയിൽ താമസിക്കാൻ കഴിയില്ല. കട്ടപ്പനയും നെടുങ്കണ്ടവും അടിമാലിയും ചെറുതോണിയും പോലുള്ള പട്ടണങ്ങൾ ഇല്ലാതാകും. ഭൂവിനിയോഗ കാര്യത്തിൽ മറ്റ് ജില്ലകൾക്കൊന്നും ഇല്ലാത്ത നിയന്ത്രണം ഇടുക്കി ജില്ലയ്ക്ക് മാത്രം ഏർപ്പെടുത്തുന്നത് വിവേചനമാണ്. ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ കൊണ്ടുവരുന്നതിനും ബഹുജന മുന്നേറ്റം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സത്യാഗ്രഹ സമരം നടത്തുന്നത്. രണ്ട് ഉത്തരവുകളും അടിയന്തരമായി പിൻവലിക്കണമെന്നും മറ്റ് 13 ജില്ലകളിലുള്ള അവകാശങ്ങൾ ഇടുക്കി ജില്ലക്കാർക്കും വേണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, ജോസഫ് ജോൺ, ജോസി ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആർ.സി.ഇ.പി കരാറിൽ നിന്ന് പിൻമാറണം
ഇറക്കുമതി ചുങ്കം ഇല്ലാതാക്കുന്ന റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്‌നർഷിപ്പ് (ആർ.സി.ഇ.പി.) എന്ന വാണിജ്യ കൂട്ടായ്മയിൽ ഇന്ത്യ പങ്കാളിയാകുന്നതിനെപറ്റി ചർച്ചകൾ നടക്കുകയാണ്. മുഴുവൻ സാധനങ്ങൾക്കും ചുങ്കം ഇല്ലാതാക്കുന്ന സ്ഥിതി വിശേഷം സംജാതമാക്കുന്നതാണ് ഈ കരാർ. നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ തിക്തഫലം കേരളീയർ അനുവഭവിക്കുന്നുണ്ട്. ഇത്തരം കരാറുകൾ നമ്മുടെ ഉത്പന്നങ്ങളുടെ വില കുറയ്ക്കുകയും വിദേശ ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിതമാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കും. രാജ്യത്തിനും ജനങ്ങൾക്കും വലിയ നഷ്ടവും ബുദ്ധിമുട്ടും ഉണ്ടാകുന്ന ആർ.സി.ഇ.പി കരാറിൽ നിന്ന് പിൻമാറാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ജോസഫ് പറഞ്ഞു.