തൊടുപുഴ : അന്താരാഷ്ട്ര കൈകഴുകൽ ദിനത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂൾ വിദ്യാർഥികൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡെമോൺസ്‌ട്രേഷൻ ക്ലാസ് സംഘടിപ്പിച്ചു. കൈ കഴുകൽ ശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ആക്ഷൻ സോംഗിലൂടെയാണ് ബോധവത്കരണം നടത്തിയത്. നഗരത്തിലെ 150 ഓളം ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ലയൺസ് ക്ലബ് ഓഫ് തൊടുപുഴയുടെ സഹകരണത്തോടെ കൈ കഴുകലിന്റെ ഘട്ടങ്ങൾ വിവരിക്കുന്ന പോസ്റ്റർ വിദ്യാർഥികൾ പതിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിനി ജോഷി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുമമോൾ സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് ടൗൺ ഭാരവാഹികളായ ജോവൽ ജോസഫ്, ജോസഫ് കാപ്പൻ, ജോസ് മഠത്തിൽ എന്നിവർ ചേർന്ന് പോസ്റ്റർ കൈമാറി. ഹെഡ്മാസ്റ്റർ ജെയ്സൺ ജോർജ്, അധ്യാപകരായ ഷിന്റോ ജോർജ്, അനീഷ് ജോർജ്, ജിൻസ് കെ. ജോസ്, ബിന്ദു ഒലിയപ്പുറം, ആർ.മിനിമോൾ , പി .മിനിമോൾ മാത്യു എന്നിവർ നേതൃത്വം നൽകി. തൊടുപുഴ എഇഒ എ.അപ്പുണ്ണി പ്രസംഗിച്ചു.