ചെറുതോണി : കേന്ദ്രസർക്കാർ നവംബറിൽ ഒപ്പുവെക്കാൻ പോകുന്ന ആർ.സി.ഇ.പി കരാർ രാജ്യത്തിന്റെ സമ്പദ്ഘടനയേയും ഉല്പാദന മേഖലയേയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കരാറിൽ ഒപ്പുവെക്കരുതെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. തീരുവ കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതോടെ ഇന്ത്യ ഒരു ഉപഭോഗ രാജ്യമായി മാറും. കാർഷിക മേഖലയുടെ നട്ടെല്ലായ റബ്ബർ, കുരുമുളക് , ഏലം തുടങ്ങിയ കാർഷികോല്പന്നങ്ങളും പാൽ, പാൽപ്പൊടി തുടങ്ങിയ ക്ഷീരോല്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതോടെ കാർഷിക -ക്ഷീര മേഖല പൂർണ്ണമായും തകർന്നടിയും. കരാറിനെക്കുറിച്ച് ജനങ്ങളിൽ വ്യക്തമായ ധാരണയില്ലാത്തതിനാലാണ് പ്രതിഷേധങ്ങൾ ഉയരാ ത്തത്.രാജ്യത്തെ ജനങ്ങളുടെ നിലനില്പിനെ നേരിട്ടു ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും വിശദമായ ചർച്ചകൾ അനിവാര്യമാണെന്നിരിക്കെ യാതൊരുവിധ അഭിപ്രായ സമന്വയവുമില്ലാതെ ഇത്തരമൊരു കരാറിൽ ഇന്ത്യ പങ്കാളിയാകരുതെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ അഭിപ്രായപ്പെട്ടു.