മുട്ടം: ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപമുള്ള റോഡരികിലെ കൈത്തോട്ടിൽ അഴുകിയ മത്സ്യത്തിന്റേയും കൊഴിയുടേയും മാലിന്യം തള്ളി. കൈത്തോടിന്റെ സമീപത്തുള്ള ആളുകൾ കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളത്തിലാണ് മാലിന്യം തള്ളിയത്. ഇത് സംബന്ധിച്ചുള്ള പരാതിയിൽ മുട്ടം പഞ്ചായത്ത്‌ അധികൃതർ തോട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്ത് നശിപ്പിച്ചു. മാലിന്യം തള്ളിയ സ്ഥലത്തിന് സമീപത്തുള്ള ഹോട്ടലിൽ സ്ഥാപിച്ചിരിക്കുന്ന സി സി ടി കാമറയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 12 ന് ബൈക്കിലെത്തിയ രണ്ട് ആളുകൾ കൈത്തോട്ടിലേക്ക് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. ബൈക്കിലെത്തിയവർ ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിലും ഇവരുടെ മുഖം വ്യക്തമല്ല. മുട്ടം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ഇവർ മാലിന്യം തോട്ടിൽ തള്ളിയതിന് ശേഷം തിരിച്ച് മുട്ടം ഭാഗത്തേക്ക്‌ തന്നെ തിരിച്ച് പോകുന്ന ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്. സി സി ടി ക്യാമറയിൽ പതിഞ്ഞിരിക്കുന്ന ആളുകളെ കണ്ടെത്തുന്നതിന് മുട്ടം പഞ്ചായത്ത്‌ സെക്രട്ടറി പൊലീസിൽ പരാതിയും നൽകി. കർമ്മ പദ്ധതിയുമായി മുട്ടം പൊലീസ് :- മുട്ടം പഞ്ചായത്ത്‌ പ്രദേശത്ത് മാലിന്യം തള്ളുന്നത് വ്യാപകമായതിനെ തുടർന്ന് മുട്ടം എസ് ഐ ബൈജു പി ബാബു സ്പെഷ്യൽ സ്‌ക്വാഡിനെ നിയമിച്ചു. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മഫ്തി പൊലീസിനെ ഉൾപ്പെടുത്തി രാത്രികാലങ്ങളിൽ പരിശോധന കർക്കശമാക്കും.മുട്ടം ടൗണിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത് പോലെ പൊതു ജന പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സി സി ടി കാമറകൾ കൂടുതലായി സ്ഥാപിക്കാനും പൊലീസ് പദ്ധതി ആവിഷ്‌കരിക്കും. പ്രവർത്തിക്കാത്ത വഴി വിളക്കുകൾ പുനഃസ്ഥാപിക്കാൻ പൊലീസ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തും.