തൊടുപുഴ: നഗരസഭയിൽ നടന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. പല വാർഡുകളിലും ജോലികൾ ചെയ്യാതെ പതിനായിരക്കണക്കിന് രൂപവീതം കൈപ്പറ്റിയതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഓരോ വാർഡിലെയും ലേബർ ബഡ്ജറ്റ് ഇന്നലെ ചേർന്ന കൗൺസിലിൽ അജണ്ടയായി അവതരിപ്പിപ്പോഴാണ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. 26ാം വാർഡായ അറക്കപ്പാറയിൽ ഒരു പണിയും നടത്താതെയാണ് 37,495 രൂപയ ലേബർ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കൗൺസിലർ സിസിലി ജോസ് പറഞ്ഞു. ഇതിന് പിന്നാലെ മറ്റ് കൗൺസിലർമാരും തങ്ങളുടെ വാർഡിൽ നടന്ന പണികളേക്കാൾ വളരെ കൂടുതലാണ് ലേബർ ബഡ്ജറ്റിലെ തുകയെന്ന് കൗൺസിലിൽ അറിയിച്ചു. വാർഡുകളിൽ നടക്കുന്ന തൊഴിലുറപ്പ് ജോലികൾ തങ്ങളെ അറിയിക്കുന്നില്ലെന്നും കൗൺസിലർമാർ ആരോപിച്ചു. തുടർന്ന് വിഷയം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അന്വേഷിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷവും നിലപാടെടുത്തു. വാദപ്രതിവാദത്തിനൊടുവിൽ 35 വാർഡുകളിലും നടത്തിയ പ്രവർത്തികളുടെ ലിസ്റ്റ് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചെയർപേഴ്‌സൺ ജെസി ആന്റണി ചുമതലപ്പെടുത്തി.
പാർക്ക് നന്നാക്കും
നഗരസഭ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയ സബ്കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർക്കിനോടു ചേർന്നുള്ള പുഴയോരത്തിന്റെ വശങ്ങൾ പുനർനിർമ്മിക്കാനും കേടുപാടുകൾ പറ്റിയ കളിയുപകരണങ്ങൾ നന്നാക്കാനും തീരുമാനിച്ചു. കൂടാതെ കളിയുപകരണങ്ങളിൽ കളിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വത്തിനായി സ്ഥാപിച്ചിട്ടുള്ള കളങ്ങളിൽ മണൽ നിറച്ച് അപകടം ഒഴിവാക്കും
യൂണിഫോം ധരിപ്പിക്കാനായില്ല
നഗരസഭയിലെ യൂണിഫോമുള്ള എല്ലാ ജീവനക്കാരും നവംബർ ഒന്ന് മുതൽ അത് ധരിക്കണമെന്ന് കൗൺസിൽ യോഗം ഐകകണ്‌ഠേന തീരുമാനമെടുത്തെങ്കിലും 10 വർഷമായി ജീവനക്കാർക്ക് യൂണിഫോം അലവൻസ് നൽകുന്നില്ലെന്ന് വിമർശനമുയർന്നതിനെ തുടർന്ന് നിയമ വശങ്ങൾ പഠിച്ച ശേഷം നടപ്പിലാക്കാൻ തീരുമാനിച്ചു. നഗരസഭയിൽ വാച്ചർ തസ്തിക അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.